വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ചതിനാൽ മാസങ്ങളോളം ശമ്പളം കിട്ടിയില്ല; ദുരനുഭവങ്ങൾ വിവരിച്ച് ടിക്കാറാം മീണയുടെ ആത്മകഥ

തിരുവനന്തപുരം: സർവ്വീസ് ജീവിതത്തിനിടെ നേരിടേണ്ടി വന്ന അനുഭവങ്ങൾ വിശദമാക്കി സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ടിക്കാറാം മീണ. തോൽക്കില്ല ഞാൻ എന്ന പേരിലെഴുതിയ ആത്മകഥയിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. മുൻ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി, ഒരു വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവരെ വിമർശിച്ചാണ് ടിക്കാറാം മീണ ആത്മകഥ എഴുതിയിട്ടുള്ളത്. ചൊവ്വാഴ്ച്ചയാണ് ആത്മകഥ പ്രകാശനം ചെയ്യുന്നത്.

ഇ.കെ. നായനാർ, കെ കരുണാകരൻ എന്നിവരുടെ ഭരണകാലത്ത് നേരിട്ട ദുരനുഭവങ്ങൾ ടിക്കാറാം മീണ ആത്മകഥയിൽ പറയുന്നുണ്ട്. സർവീസിന്റെ ആദ്യകാലം മുതൽ വിട്ടുവീഴ്ചയില്ലാതെ സത്യസന്ധമായിട്ടാണ് താൻ പ്രവർത്തിച്ചെന്ന് ടിക്കാറാം മീണ പറയുന്നു. അതിന്റെ പേരിൽ നേരിടേണ്ടി വന്ന നിരന്തരമായ വേട്ടയാടലിനെക്കുറിച്ചും മീണ വെളിപ്പെടുത്തി.

തൃശൂർ കലക്ടറായിരുന്നപ്പോൾ വ്യാജ കള്ളു നിർമ്മാതാക്കൾക്കെതിരെ കർശന നടപടി സ്വീകരിച്ചു. അതിനു പിന്നാലെ സ്ഥലംമാറ്റവും വന്നു. കേസ് അട്ടിമറിക്കാൻ അന്ന് ജില്ലാ പൊലീസ് മേധാവിയായിരുന്ന ബി സന്ധ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ശ്രമമുണ്ടായി. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് തലസ്ഥാനത്ത് നിന്ന് പി ശശിയായിരുവെന്നും മീണ ആരോപിക്കുന്നു.

കള്ളു നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തതിൽ അന്നത്തെ എക്സൈസ് മന്ത്രി നേരിട്ട് വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. ഇതിനുപിന്നിൽ പ്രവർത്തിച്ചത് ഇ.കെ.നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശിയാണ്. എല്ലാം പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഉപദേശപ്രകാരമാണെന്ന് ഇ.കെ.നായനാർ പിന്നീടു നേരിട്ടു പറഞ്ഞു. വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ചതിനാൽ മാസങ്ങളോളം ശമ്പളം കിട്ടിയില്ലെന്നും അർഹമായ പദവികൾ നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹം ആത്മകഥയിൽ വിശദമാക്കുന്നുണ്ട്.