ന്യൂഡല്‍ഹി: കൊവിഡ് വ്യാപനവും റഷ്യ-യുക്രൈന് യുദ്ധവും കാരണം വിദേശ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ രണ്ടുമാസത്തിനകം പദ്ധതി തയ്യാറാക്കണമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ചൈനയില്‍ എം.ബി.ബി.എസ് പഠിച്ചിരുന്ന വിദ്യാര്‍ഥിനിക്ക് കൊവിഡ് കാരണം അവിടെ ക്ലിനിക്കല്‍ പരിശീലനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത വിഷയത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ദ്ദേശം. ഒറ്റത്തവണത്തേക്കുള്ള താല്കാലിക പദ്ധതിയാണ് തയ്യാറാക്കേണ്ടത്. വിദ്യാര്‍ഥികളുടെ മികവ് പരിശോധിക്കുന്ന കാര്യം കമ്മീഷന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.
കൊവിഡും യുക്രൈന് പ്രതിസന്ധിയും തങ്ങള്‍ക്ക് പുതിയ വെല്ലുവിളികളുണ്ടാക്കുന്നതായി കമ്മീഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് വികാസ് സിങ് വ്യക്തമാക്കി. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ വിദേശത്തു പഠിച്ച ഇന്ത്യക്കാരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിന് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുമെന്നും കമ്മീഷന് അറിയിച്ചു.
വിദ്യാര്‍ഥിനിക്ക് താത്കാലികമായി കോളേജില്‍ എം.ബി.ബി.എസ് രജിസ്ട്രേഷന് നല്‍കാനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരേ മെഡിക്കല്‍ കമ്മീഷന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്ന വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിനായി രണ്ടുമാസത്തിനകം പദ്ധതി തയ്യാറാക്കാന്‍ സുപീംകോടതി ആവശ്യപ്പെടുകയായിരുന്നു.

