ഓങ് സാങ് സൂചിക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് മ്യാൻമർ

മ്യാൻമർ: മ്യാൻമർ മുൻ വിദേശകാര്യമന്ത്രിയും നൊബേൽ ജേതാവുമായി ഓങ് സാങ് സൂചിക്ക് 5 വർഷം തടവ് ശിക്ഷ വിധിച്ചതായി റിപ്പോർട്ട്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് നടപടി. 60,000 യുഎസ് ഡോളറും സ്വർണവും കൈക്കൂലിയായി വാങ്ങിയെന്നാണ് ഓങ് സാങ് സൂചിയ്ക്ക് എതിരെയുള്ള കേസ്.

11 അഴിമതിക്കേസുകളാണ് സൂചിക്കെതിരെയുള്ളത്. ഇതിൽ ആദ്യത്തേതിന്റെ വിധിയാണ് മ്യാൻമർ കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. ഓരോ കേസിനും പരമാവധി 15 വർഷം വരെയാണ് ശിക്ഷാ കാലാവധിയുള്ളത്.

അതേസമയം, കേസ് സംബന്ധിച്ച കോടതി വിചാരണകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് സൂചിയുടെ അഭിഭാഷകർക്കും മ്യാൻമർ കോടതി വിലക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പട്ടാള അട്ടിമറിയിലൂടെ സൂചിയുടെ സർക്കാരിന് അധികാരം നഷ്ടമായത്. ഇതിനുപിന്നാലെ സൈന്യത്തിനെതിരായ പ്രവർത്തനങ്ങൾ, കൊവിഡ് മാനദണ്ഡ ലംഘനം, ടെലികമ്യൂണികേഷൻ നിയമലംഘനം എന്നിവയുൾപ്പെടെയുള്ള കേസുകളിൽ ഓങ് സാങ് സൂചിയെ ആറ് വർഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തിരുന്നു.