കൊച്ചി: തനിക്കെതിരെയുള്ള ലൈംഗികാരോപണ പരാതിക്ക് എഫ്ബി ലൈവിലൂടെ മറുപടിയുമായി നടനും നിര്‍മാതാവുമായ വിജയ് ബാബു രംഗത്ത്. പരാതിക്കാരിയുടെ പേര് ഉള്‍പ്പടെ ലൈവില്‍ വെളിപ്പെടുത്തുകയും ചെയ്തു.
‘2018 മുതല്‍ പെണ്‍കുട്ടിയെ എനിക്ക് അറിയാം. അഞ്ച് വര്‍ഷത്തോളം ഞാന്‍ അവര്‍ക്ക് ഒരു മെസേജ് പോലും അയച്ചിട്ടില്ല. എന്റെ സിനിമയില്‍ കൃത്യമായി ഓഡിഷന്‍ ചെയ്ത് അഭിനയിക്കുകയാണ് ചെയ്തത്. മാര്‍ച്ച് മുതല്‍ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്‌ക്രീന്‍ ഷോട്ടുകളും എന്റെ കൈവശമുണ്ട്. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നു. എന്നെ കാണാന്‍ വേണ്ടി ഇവര്‍ എത്രയോ വട്ടം എനിക്ക് മെസേജുകള്‍ അയച്ചിരിക്കുന്നു. ഇവിടെ ഇര ഞാന്‍ ആണ്. ഞാന്‍ ഇതിനെതിരേ കൗണ്ടര്‍ കേസ് ഫയല്‍ ചെയ്യും. കൂടാതെ, മാനനഷ്ടക്കേസും ഫയല്‍ ചെയ്യും. ഇത് ചെറിയൊരു കേസ് ആയിരിക്കില്ല. ഈ കേസില്‍ ഇര താന്‍ ആണ്. ഭാര്യയും മകളും അമ്മയും തന്നെ സ്നേഹിക്കുന്നവരുമാണ് തനിക്ക് വലുത്’- വിജയ് ബാബു ലൈവില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വിജയ് ബാബുവിനെതിരെ യുവതി പരാതി നല്‍കിയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ലാറ്റില്‍ വച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. എറണാകുളം സൗത്ത് പോലീസാണ് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. കേസിന്റെ വിശദാംശങ്ങള്‍ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. .

