‘വാക്‌സിന്‍ വേണം, കൊവിഡ് പോലെ തെന്നിന്ത്യന്‍ സിനിമകള്‍ ബോളിവുഡിനെ കടന്നാക്രമിക്കുന്നു’: രാംഗോപാല്‍ വര്‍മ്മ

തെന്നിന്ത്യയില്‍ വന്‍ വിജയമായ ചിത്രങ്ങള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് വന്‍ പരാജയമാകുന്നുവെന്നും അന്യഭാഷ ചിത്രങ്ങള്‍ക്ക് ബോളിവുഡ് പ്രേക്ഷകരിലുള്ള സ്വാധീനം ചലച്ചിത്രപ്രവര്‍ത്തകര്‍ തിരിച്ചറിയുന്നില്ലെന്നും സംവിധായകന്‍ രാംഗോപാല്‍ വര്‍മ. കന്നട, തെലുങ്ക് ചിത്രങ്ങള്‍ ഹിന്ദി സിനിമയെ കൊവിഡ് വൈറസ് പോലെ ആക്രമിക്കുന്നു. വാക്‌സിന്‍ ഉടനെ കണ്ടെത്തണമെന്നും അദ്ദേഹം കുറിച്ചു. നാനി നായകനായ ജഴ്‌സി എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിനെ പരാമര്‍ശിച്ചായിരുന്നു രാംഗോപാല്‍ വര്‍മയുടെ ട്വീറ്റ്.

‘ജഴ്‌സിയുടെ പരാജയം ഹിന്ദി റീമേക്കുകളുടെ മരണത്തെയാണ് സൂചിപ്പിക്കുന്നത്. പുഷ്പ, ആര്‍ആര്‍ആര്‍, കെജിഎഫ് പോലുള്ള ഡബ്ബിങുകളുടെ വിജയം നോക്കുക. സിനിമ നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ സ്വീകരിക്കും. നാനിയുടെ ജഴ്‌സി 10 ലക്ഷം രൂപയുണ്ടെങ്കില്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റാമായിരുന്നു. അതിന് പകരമാണ് 100 കോടി മുടക്കി ഹിന്ദി റീമേക്ക് ഒരുക്കിയത്. എത്ര പണവും പ്രയത്‌നവുമാണ് വെറുതെ പാഴാക്കിയിരിക്കുന്നത്. പ്രാദേശിക സിനിമകളിലെ താരങ്ങള്‍ക്ക് ബോളിവുഡ് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിക്കുന്നുണ്ട്. സമീപകാല തെന്നിന്ത്യന്‍ സിനിമകളുടെ വിജയം അതിന്റെ സൂചനയാണ്. ബോളിവുഡ് സിനിമകള്‍ക്ക് പിന്നില്‍ നിന്നും മുന്‍പില്‍ നിന്നും പ്രഹരമല്‍ക്കുകയാണ്. തെന്നിന്ത്യന്‍ സിനിമകള്‍ റീമേക്ക് ചെയ്ത് അതിജീവിക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ അതെങ്ങിനെയാണ് ചെയ്യേണ്ടതെന്ന് അറിയുകയുമില്ല. ഇങ്ങനെപോയാല്‍ തെന്നിന്ത്യന്‍ സിനിമാപ്രവര്‍ത്തകര്‍ റീമേക്കിനുള്ള അവകാശം ഇനി ആര്‍ക്കും വില്‍ക്കുകയില്ല’- അദ്ദേഹം പറഞ്ഞു.

അന്യന്‍, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഹൃദയം, വിക്രം വേദ, ഡ്രൈവിങ് ലൈസന്‍സ്, സുരറൈ പോട്ര്, യുടേണ്‍, രാക്ഷസന്‍, ഫോറന്‍സിക് തുടങ്ങിയ ചിത്രങ്ങള്‍ തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ഒട്ടേറെ റീമേക്കുകളാണ് ഇനി ബോളിവുഡില്‍ വരാനിരിക്കുന്നത്.