ഏകീകൃത സിവില്‍ കോഡ്: ബിജെപി ഭരണ സംസ്ഥാനങ്ങളില്‍ സജീവ ചര്‍ച്ചകള്‍

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വിഷയം സജീവ ചര്‍ച്ചയില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമം ആരംഭിച്ചതായി റിപ്പോര്‍ട്ട്.

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ബിജെപി മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കരട് തയ്യാറാക്കാന്‍ സംസ്ഥാനത്ത് ഒരു ഉന്നതതല കമ്മിറ്റി രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. ഒരു കാരണവശാലും സംസ്ഥാനത്തെ സാമുദായിക സൗഹൃദം തകര്‍ക്കാന്‍ അനുവദിക്കില്ല. ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നിലവില്‍വന്നാല്‍ മറ്റ് സംസ്ഥാനങ്ങളും ഇത് പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ നടന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഏകീകൃതസിവില്‍ കോഡ് നടപ്പാക്കല്‍. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും ചൂണ്ടിക്കാട്ടി.

അതേസമയം, വിഷയത്തില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും ഇന്ന് പ്രസ്താവനയിറക്കി. ഏകീകൃത സിവില്‍കോഡ് ഒരു മികച്ച നീക്കമാണെന്നും, ഹിമാചലില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്ന കാര്യം തന്റെ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും നടപ്പിലാക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ പറഞ്ഞു. അസം മുഖ്യമന്ത്രിയും സമാനമായ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ബിജെപി പ്രകടന പത്രികയുടെ പ്രധാനഭാഗമാണ് ഏകീകൃസിവില്‍ കോഡ് നടപ്പാക്കല്‍. ഇത് ഉടന്‍ തന്നെ നടപ്പിലാകുമെന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ നടന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ സൂചന നല്‍കിയിരുന്നു.