ആമവാതം എന്ന രോഗത്തെ കുറിച്ച് പലരും കേട്ടിട്ടുണ്ടാകാം. എന്നാൽ ഈ രോഗാവസ്ഥയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പലർക്കും അറിയില്ല. ആമവാതത്തെ തുടർന്നുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കേണ്ടത് എങ്ങനെയെന്നതിനെ കുറിച്ചും പലർക്കും കൃത്യമായ ധാരണയില്ല. സന്ധിവാതത്തിന്റെ ഒരു വകഭേദമാണ് ആമവാതം. ഇത് അതികഠിനമായ വേദനയ്ക്ക് കാരണമാകാറുണ്ട്.
ആമവാതത്തിന് കാര്യമായ മരുന്നുകൾ ഇനിയും കണ്ടെത്തിയിട്ടില്ലെങ്കിലും ഇതിനായുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ്. ലോകത്താകമാനം ഉള്ള ജനങ്ങളിൽ 1 ശതമാനം ആളുകൾക്ക് മാത്രമാണ് ആമവാതം സ്ഥിരീകരിച്ചിട്ടുള്ളത്. 50 മുതൽ 60 ശതമാനം ആളുകളിൽ ജനിതകമായ കാരണങ്ങൾ കൊണ്ടാണ് ആമവാതം ഉണ്ടാകുന്നത്. അതേ സമയം പുകവലി, ബാക്ടീരിയ, പോഷകാഹാര കുറവ് എന്നിവ മൂലവും ആമവാതം ഉണ്ടാകാൻ സാധ്യതയുണ്ട്. അമിത വണ്ണവും ആമവാതം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. ആമവാതം കൊണ്ടുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെക്കെയാണെന്ന് നോക്കാം.
വറുത്ത ഭക്ഷണങ്ങൾ, ചുവന്ന മാംസം, പാലുൽപ്പന്നങ്ങൾ, മുട്ട എന്നിവയിൽ കാണുന്ന ട്രാൻസ് ഫാറ്റ് ആമവാതം മൂലമുള്ള വേദനയും നീരും കൂടാൻ കാരണമാകും. പഞ്ചസാരയും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്. ആമവാതമുള്ളവർ ധാരാളം പഴങ്ങളും പച്ചക്കറികളും, ധാന്യങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ആമവാതമുള്ളവർ കൃത്യമായി ഉറങ്ങണം. ആമവാതം ഉള്ളവർ ദിവസം 8 മണിക്കൂർ നേരമെങ്കിലും ഉറങ്ങണമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. ഈ രോഗമുള്ളവർ ആന്റിഓക്സിഡന്റുകളും ആൻറി-ഇൻഫ്‌ലമേറ്ററി ഗുണങ്ങളുമുള്ള ഭക്ഷണങ്ങൾ കഴിക്കണം. വേവിക്കാത്ത അല്ലെങ്കിൽ ചെറുതായി മാത്രം വേവിച്ച പച്ചക്കറികൾ, മഞ്ഞൾ, ഇഞ്ചി തുടങ്ങിയവ, പഴങ്ങൾ, തൈര് തുടങ്ങിയവയും കഴിക്കണം. ആമവാതമുള്ളവർ വേഗത്തിലുള്ള നടത്തം, നീന്തൽ, വാട്ടർ എയ്‌റോബിക്‌സ് ഇവയെല്ലാം ചെയ്യുന്നതും പ്രയോജനപ്രദമാണ്.

