നിമിഷപ്രിയയുടെ മോചനത്തിനായി ചര്‍ച്ച; 50 ദശലക്ഷം റിയാല്‍ ദയാധനം ആവശ്യപ്പെട്ട് തലാല്‍ മുഹമ്മദിന്റെ കുടുംബം

ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് ഒഴിവാകാനുള്ള ദയാധനം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചു. 50 ദശലക്ഷം യമന്‍ റിയാല്‍ ( ഏകദേശം 1.5 കോടി ഇന്ത്യന്‍ രൂപ) ആണ് കൊല്ലപ്പെട്ട തലാല്‍ മുഹമ്മദിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെടുന്നത്. റംസാന്‍ അവസാനിക്കുന്നതിന് മുന്‍പ് തീരുമാനം ഉണ്ടാകണമെന്നും അത് കഴിഞ്ഞാല്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ യമന്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് പോകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം, മധ്യസ്ഥ ചര്‍ച്ചകള്‍ ഏകോപിപ്പിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയ സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയതിന് പിന്നാലെയാണ് ദയാധനം സംബന്ധിച്ച നിലപാട് തലാല്‍ മുഹമ്മദിന്റെ കുടുംബം വ്യക്തമാക്കിയത്. സുപ്രീം കോടതി അഭിഭാഷകന്‍ കെ. ആര്‍. സുഭാഷ് ചന്ദ്രനും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

എന്നാല്‍, നിമിഷപ്രിയയുടെ മോചനത്തിനായുള്ള മധ്യസ്ഥ ചര്‍ച്ചകളില്‍ തങ്ങളുടെ പ്രതിനിധിയെ ഉള്‍പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.