പാലക്കാട്: പാലക്കാട് എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. രമേശ്, അറുമുഖം, ശരവണൻ എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. അറസ്റ്റിലായവരെല്ലാം ആർഎസ്എസ് പ്രവർത്തകരാണ്. എഡിജിപി വിജയ് സാഖറെയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ എട്ട്, ഒൻപത് തീയതികളിൽ സുബൈറിനെ വധിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും അത് നടക്കാത്തതിനെ തുടർന്നാണ് 15ന് കൊലപാതകം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
2021 നവംബർ 15 ന് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലെ പ്രതികാരമാണ് സുബൈറിന്റെ കൊലപാതകം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. ആദ്യ രണ്ട് തവണയും കൊലപാതകം നടക്കാതെ പോയത് പ്രദേശത്ത് പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നതിനാലാണ്.
തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി സുബൈർ ആണെന്ന് കൊല്ലപ്പെടുന്നതിന് മുൻപ് സഞ്ജിത്ത് രമേശിനോട് പറഞ്ഞിരുന്നു. ഈ പ്രതികാരം കാരണമാണ് സുബൈറിനെ കൊലപ്പെടുത്തിയത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമെ വിശദ വിവരങ്ങൾ പുറത്തുവരൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

