സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണം; കെഎസ്ആർടിസിക്ക് വിപണി വിലയ്ക്ക് ഡീസൽ നൽകാനുള്ള ഉത്തരവിനെതിരെ എണ്ണ കമ്പനികൾ

തിരുവനന്തപുരം: കെഎസ്ആർടിസിയ്ക്ക് വിപണി വിലയ്ക്ക് ഡീസൽ നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ എണ്ണ കമ്പനികൾ രംഗത്ത്. സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാണ് എണ്ണ കമ്പനികൾ ഉന്നയിക്കുന്ന ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിപിസി. എൽ ഡിവിഷൻ ബഞ്ച് മുൻപാകെ അപ്പീൽ സമർപ്പിച്ചു.

ബുധനാഴ്ചയാണ്. കെഎസ്ആർടിസിക്ക് മാർക്കറ്റ് വിലയിൽ ഡീസൽ നൽകണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. പ്രഥമദൃഷ്ട്യാ വിലനിർണയത്തിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം അറിയിച്ചത്. റീട്ടെയ്ൽ വിലയിൽ ഇനി കെഎസ്ആർടിസിക്ക് ഇന്ധനം ലഭിക്കണമെന്നാണ് കോടതി നിർദ്ദേശം.

ബൾക്ക് യൂസർ എന്ന പേരിലാണ് കമ്പനികൾ കൂടിയ വില ഈടാക്കിയിരുന്നത്. വൻകിട ഉപയോക്താവ് എന്ന നിലയിൽ കെഎസ്ആർടിസിയിൽനിന്ന് ഈടാക്കുന്ന ഡീസൽ വില വളരെ കൂടുതലാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എൻ.നഗരേഷ് ഉത്തരവ് പുറപ്പെടുവിച്ചത്. കെഎസ്ആർടിസിയുടെ ഹർജിയിലായിരുന്നു കോടതി നടപടി. ലാഭകരമല്ലാത്ത റൂട്ടിൽ പോലും പൊതുജനങ്ങൾക്കു യാത്രാ സൗകര്യം ഒരുക്കുന്നതിനുവേണ്ടി സേവനം നടത്തുന്ന കെഎസ്ആർടിസിക്ക് സ്വകാര്യ വാഹനങ്ങൾക്കു നൽകുന്നതിന്റെ ഇരട്ടി നിരക്കിൽ ഇന്ധനം നൽകുന്നത് നീതീകരിക്കാനാകില്ലെന്നാണ് ഹർജിയിൽ വ്യക്തമാക്കിയിരുന്നത്.