പാലക്കാട് ജില്ലയിൽ ഇരുചക്ര വാഹന യാത്രയ്ക്ക് നിയന്ത്രണം; സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടില്ല

പാലക്കാട്: പാലക്കാട് ജില്ലയിൽ ഇരുചക്ര വാഹന യാത്രയ്ക്ക് നിയന്ത്രണം. ജില്ലയിൽ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടുള്ളതല്ലെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.

പോപ്പുലർ ഫ്രണ്ട്, ആർ.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടർന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടർന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നിൽ കണ്ട്
ഏപ്രിൽ 20 ന് വൈകിട്ട് ആറ് വരെ പാലക്കാട് ജില്ല പരിധിയിൽ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി.

സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർ ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര ചെയ്യാൻ പാടുള്ളതല്ലായെന്ന് വ്യക്തമാക്കി കൊണ്ട് അഡീഷ്നൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠൻ ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചുവെന്നും ജില്ലാ ഇൻഫർമേഷൻ ഓഫീസർ വ്യക്തമാക്കി.

പാലക്കാട് ജില്ലയിൽ പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമൊ പേർ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ല. ഇന്ത്യൻ ആമ്സ് ആക്ട് സെക്ഷൻ 4 പ്രകാരം പൊതുസ്ഥലങ്ങളിൽ വ്യക്തികൾ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്.

ഇന്ത്യൻ എക്സിപ്ലോസീവ് ആക്ട് 1884 സെക്ഷൻ 4 പ്രകാരം പൊതുസ്ഥങ്ങളിൽ സ്ഫോടകവസ്തുക്കൾ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങൾ ഉടലെടുക്കും വിധം സമൂഹത്തിൽ ഊഹപോഹങ്ങൾ പരത്തുകയോ ചെയ്യാൻ പാടുളളതല്ലായെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അവശ്യ സേവനങ്ങൾക്കും ലോ എൻഫോഴ്സ്മെന്റ് ഏജൻസികൾക്കും ഉത്തരവ് ബാധകമല്ല.