പാലക്കാട്: പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ. ജില്ലയിൽ ഉണ്ടായ തുടർ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഏപ്രിൽ 20 വൈകിട്ട് ആറു മണി വരെയാണ് നിരോധനാജ്ഞ. പോപ്പുലർ ഫ്രണ്ട്, ആർ.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടർന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടർന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നിൽ കണ്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡീഷ്നൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠൻ ഉത്തരവ് പുറപ്പെടുവിച്ചത്.
ജില്ലയിൽ, പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ പേർ ഒത്തു ചേരുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ലെന്നും നിർദ്ദേശമുണ്ട്.
ഇന്ത്യൻ ആമ്സ് ആക്ട് സെക്ഷൻ 4 പ്രകാരം പൊതുസ്ഥലങ്ങളിൽ വ്യക്തികൾ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യൻ എക്സിപ്ലോസീവ് ആക്ട് 1884 സെക്ഷൻ 4 പ്രകാരം പൊതുസ്ഥലങ്ങളിൽ സ്ഫോടക വസ്തുക്കൾ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങൾ ഉടലെടുക്കും വിധം സമൂഹത്തിൽ ഉഹപോഹങ്ങൾ പരത്തുകയോ ചെയ്യാൻ പാടുളളതല്ലായെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങൾക്കും ലോ എൻഫോഴ്സ്മെന്റ് ഏജൻസികൾക്കും ഉത്തരവ് ബാധകമല്ലെന്ന് പാലക്കാട് ജില്ലാ ഇൻഫർമോഷൻ ഓഫീസർ അറിയിച്ചു.

