കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം…

കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം എന്ന അസുഖത്തെ കുറിച്ച് കേട്ടുട്ടുണ്ടോ. കമ്പ്യൂട്ടർ സ്‌ക്രീനുകൾ ഒരുപാട് നേരം നോക്കേണ്ടി വരുന്ന ഭൂരിഭാഗം പേർക്കും ഉണ്ടാകുന്ന ഒരു അവസ്ഥയാണ് കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം. കമ്പ്യൂട്ടറിന് മുന്നിൽ ചിലവഴിക്കുന്ന സമയത്തിന് അനുസരിച്ച് കമ്പ്യൂട്ടർ വിഷൻ സിൻഡ്രോമിന്റെ തീവ്രത കൂടിയും കുറഞ്ഞും വരും. തലവേദന, കാഴ്ച മങ്ങൽ, കണ്ണുകൾക്ക് അസ്വസ്ഥത അനുഭവപ്പെടുക, വസ്തുക്കളെ രണ്ടായി കാണുക, കണ്ണുകൾ വരണ്ടതായി അനുഭവപ്പെടുക, കഴുത്ത്, തോൾ എന്നിവിടങ്ങളിലെ വേദന തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.

ഡിജിറ്റൽ ഉപകരണങ്ങളുടെ സ്‌ക്രീനിലെ വെളിച്ചം കണ്ണുകൾക്ക് കൂടുതൽ അസ്വസ്ഥതയുണ്ടാക്കുന്നു. അത് കണ്ണിന്റെ പേശികൾക്ക് അമിത അധ്വാനം നൽകുന്നു. കമ്പ്യൂട്ടർ വിഷൻ സിൻഡ്രോമിന്റെ അസ്വസ്ഥതകൾ കുറയ്ക്കുന്നതിന് താരതമ്യേന വലിയ ഡിസ്‌പ്ലേ ഉള്ള കമ്പ്യൂട്ടർ തെരഞ്ഞെടുക്കുന്നതാണ് ഉചിതം. ഡിജിറ്റൽ ഉപകരണങ്ങളുടെ സ്‌ക്രീനുകളും കണ്ണുകളും തമ്മിൽ നിശ്ചിത അകലം പാലിക്കുകയും വേണം. സ്‌ക്രീനുമായി ഒരു കൈ അകലമെങ്കിലും ഉണ്ടായിരിക്കണമെന്നാണ് വിദഗ്ധർ നൽകുന്ന ഉപദേശം.

അധികനേരം കമ്പ്യൂട്ടറിൽ നോക്കി ഇരിക്കുന്നവർ കണ്ണടയോ ലെൻസുകളോ ധരിക്കാൻ ശ്രദ്ധിക്കണം. കമ്പ്യൂട്ടറോ മറ്റ് ഡിജിറ്റൽ ഉപകരണങ്ങളോ ഉപയോഗിക്കുമ്പോൾ ഓരോ 20 മിനിറ്റിലും കണ്ണുകൾക്ക് 20 സെക്കന്റ് വിശ്രമം നൽകണമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. 20 അടിയെങ്കിലും ദൂരെയുള്ള വസ്തുവിലേക്ക് 20 സെക്കന്റ് ദൃഷ്ടി പതിപ്പിച്ച് കണ്ണുകൾക്ക് വ്യായാമം നൽകുന്നതിലൂടെ കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം ഉണ്ടാകുന്നത് തടയാൻ കഴിയും.