കോഴിക്കോട്: കോടഞ്ചേരിയിലെ മിശ്രവിവാഹ വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ശ്രമം വിവാദമുണ്ടാക്കലാണെന്നും ജനകീയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം മാത്രമാണ് ലൗ ജിഹാദ് ആരോപണമെന്നും മന്ത്രി പറഞ്ഞു. ‘ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കുന്ന വിഷയങ്ങളെ സജീവമാക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. എങ്കിലേ ഇവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാവൂ. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവ് ഉള്‍പ്പടെയുള്ള ജനകീയ വിഷയങ്ങള്‍ മറച്ച് പിടിക്കാനുള്ള തന്ത്രമാണിത്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മിശ്രവിവാഹ വിഷയത്തില്‍ കേരളത്തില്‍ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ പ്രതിലോമ ശക്തികള്‍ ശ്രമിക്കുകയാണെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിസന്ധികള്‍ മനസുകളെ തമ്മില്‍ അകറ്റുകയാണ്. മതസൗഹാര്‍ദം ഉയര്‍ത്തിപ്പിടിച്ച നാടാണ് കേരളം. അതിനിയും ശക്തമായി തുടരുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചതായി സി.പി.ഐ.എം പറയുമ്പോഴും മകളെ നേരിട്ട് കാണണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് മാതാപിതാക്കള്‍. പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം സി.പി.ഐ.എം ഉണ്ടാകുമെന്ന് ഇന്നലെ കോടഞ്ചേരിയില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ജില്ലാ സെക്രട്ടറി പി. മോഹനന്‍ വ്യക്തമാക്കിയിരുന്നു. വിവാദങ്ങളില്‍ ക്രിസ്ത്യന്‍ സമുദായത്തിനൊപ്പം ബിജെപിയുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്ക പുറംകാല്‍ കൊണ്ട് തട്ടിക്കളയുകയാണ് സി.പി.ഐ.എമ്മെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

