ഇനി കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കില്ല; തീരുമാനവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിദിന കണക്കുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ച് സംസ്ഥാന സർക്കാർ. പ്രതിദിന കോവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് തീരുമാനം. രണ്ട് വർഷത്തിലധികമായി നടന്നുവന്നിരുന്ന പ്രക്രിയയാണ് സർക്കാർ അവസാനിപ്പിച്ചത്. കോവിഡ് വൈറസ് വ്യാപനം ആരംഭിച്ച് മുതൽ സർക്കാർ പ്രതിദിന കോവിഡ് കണക്കുകൾ പ്രസിദ്ധീകരിച്ചിരുന്നു.

സർക്കാർ തലത്തിൽ കോവിഡ് പരിശോധനയും വിവര ശേഖരണവും തുടരുമെന്നും കണക്കുകൾ ഇനി മുതൽ പുറത്തുവിടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 2020 ജനുവരി 30 മുതലാണ് പ്രതിദിന കോവിഡ് കണക്കുകൾ സർക്കാർ പ്രസിദ്ധീകരിക്കാൻ ആരംഭിച്ചത്. പോസിറ്റീവ് കേസുകൾ, നെഗറ്റീവ് കേസുകൾ, മരണ നിരക്ക്, നിരീക്ഷണത്തിൽ കഴിയുന്നവർ, പരിശോധിച്ച സാമ്പിളുകളുടെ എണ്ണം എന്നിവ ഉൾപ്പെടുത്തിയായിരുന്നു പ്രതിദിന കണക്കുകൾ ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നത്.

രണ്ടാം തരംഗത്തിലും മൂന്നാം തരംഗത്തിലും അമ്പതിനായിരത്തോളം പ്രതിദിന കേസുകൾ വരെയാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, ഇപ്പോഴത് 200 മുതൽ 300 വരെയായി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് കോവിഡ് കണക്കുകൽ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.