23-ആം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനായി തമിഴ്നാട് മുഖ്യമന്ത്രി എം. കെ.സ്റ്റാലിന്‍ കണ്ണൂരിലെത്തി. എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍, വി.ശിവദാസന്‍ എം.പി, എം.വി.ജയരാജന്‍, ഡിഎംകെ സംസ്ഥാന സെക്രട്ടറി പുതുക്കോട്ടൈ മുരുകേശ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്റ്റാലിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ഇന്ന് 5 മണിക്ക് കേന്ദ്ര ‘സംസ്ഥാന ബന്ധങ്ങള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിലാണ് എം.കെ.സ്റ്റാലില്‍ മുഖ്യാതിഥിയാകുന്നത്.
അതേസമയം, കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുക്കുന്നതിന് കെ.വി തോമസും ഇന്നലെ കണ്ണൂരിലെത്തിയിരുന്നു. കെ.വി.തോമസിന്റെ പ്രതികരണം അടിസ്ഥാനമാക്കിയാവും കോണ്‍ഗ്രസും അച്ചടക്ക നടപടിയിലടക്കം തീരുമാനം എടുക്കുക. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാര്‍ വേദിയില്‍ കോണ്‍ഗ്രസിന്റെ മുന്‍ കേന്ദ്ര മന്ത്രിയെ തന്നെ കൊണ്ട് വന്ന് സിപിഐഎമ്മിന്റെ നീക്കം നിര്‍ണ്ണായകമാണ്. കോണ്‍ഗ്രസ് വിടില്ലെന്ന് കെ.വി തോമസ് ആവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് അച്ചടക്ക നടപടിയുണ്ടായാല്‍ വഴിയാധാരമാവില്ലെന്നാണ് സിപിഐഎം നിലപാട്.

