പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ്; മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: പതിനെട്ട് വയസിന് മുകളിലുളളവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിൽ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആദ്യ രണ്ട് തവണ ഉപയോഗിച്ച വാക്‌സിൻ തന്നെ ബൂസ്റ്റർ ഡോസായി സ്വീകരിക്കണമെന്നാണ് നിർദ്ദേശം. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ പ്രത്യേക രജിസ്‌ട്രേഷൻ ആവശ്യമില്ല. വാക്‌സിൻ വിലക്കൊപ്പം പരമാവധി 150 രൂപ വരെയേ സർവീസ് ചാർജായി സ്വകാര്യ കേന്ദ്രങ്ങൾ ഈടാക്കാവൂയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നാളെ മുതലാണ് രാജ്യത്ത് പതിനെട്ട് മുതൽ അൻപത്തി ഒൻപത് വയസ് വരെയുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത്. ഏപ്രിൽ പത്ത് ഞായറാഴ്ച മുതൽ രാജ്യത്തെ എല്ലാ സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വഴിയും ആളുകൾക്ക് മൂന്നാം ഡോസ് അഥവാ കരുതൽ ഡോസ് വാക്‌സിൻ സ്വീകരിക്കാം. ആദ്യ രണ്ട് ഡോസ് വാക്‌സിൻ പോലെ കരുതൽ ഡോസ് അഥവാ ബൂസ്റ്റർ ഡോസ് വാക്‌സിൻ സൗജന്യമായിരിക്കില്ല. സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് വാക്‌സിനേഷൻ എന്നതിനാൽ പണം നൽകണം. രണ്ടാം ഡോസ് വാക്‌സീൻ എടുത്ത് ഒൻപത് മാസം പൂർത്തിയായ ശേഷം മാത്രമേ ബൂസ്റ്റർ ഡോസ് വാക്‌സീൻ സ്വീകരിക്കാൻ അനുമതിയുള്ളൂ.

കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി. അതേസമയം, കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം അദ്ദേഹം പരിശോധിച്ചിരുന്നു. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങൾക്ക് അദ്ദേഹം കത്തയച്ചിരുന്നു. കേരളം, മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, മിസോറം സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത നിർദ്ദേശം നൽകിയിരുന്നു.