പോലീസിലെ കളങ്കിതർക്ക് ഇനി മുഖ്യമന്ത്രിയുടെ മെഡൽ ലഭിക്കില്ല; ഉത്തരവ് പുറത്തിറക്കി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: പോലീസിലെ കളങ്കിതർക്ക് ഇനി മുഖ്യമന്ത്രിയുടെ മെഡൽ ലഭിക്കില്ല. പത്ത് വർഷത്തിനിടെ അച്ചടക്ക നടപടി നേരിട്ട് ശിക്ഷിക്കപ്പെട്ടവരും മുഖ്യമന്ത്രിയുടെ മെഡലിന് അയോഗ്യരായിരിക്കും. വിജിലൻസ്, വകുപ്പുതല അന്വേഷണങ്ങൾ നേരിടുന്നവർക്കും ക്രിമിനൽ, വിജിലൻസ് കേസുകളിലെ പ്രതികൾക്കും മെഡലിനായി ശുപാർശ ചെയ്ത ശേഷം അച്ചടക്ക നടപടി നേരിട്ടവർക്കും അയോഗ്യതയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

പൊതുജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം മെച്ചപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. മെഡലിന് അപേക്ഷിക്കുന്നവരുടെ സേവനം മെച്ചപ്പെട്ടതായിരിക്കണമെന്നും പത്തു വർഷത്തെ സേവനത്തിൽ ഏഴു വർഷമെങ്കിലും ഔട്ട്സ്റ്റാൻഡിംഗ്, വെരിഗുഡ്, ഗുഡ് ഗ്രേഡുകൾ നേടിയിരിക്കണമെന്നുമാണ് നിർദ്ദേശം. ഇതുസംബന്ധിച്ച ഉത്തരവും ആഭ്യന്തര വകുപ്പ് പുറത്തിറക്കി.

ഉദ്യോഗസ്ഥരുടെ സേവനകാലം പൂർണമായി സൂക്ഷ്മ പരിശോധന നടത്തിയ ശേഷമായിരിക്കും മെഡൽ അനുവദിക്കുക. പോലീസ് മെഡൽ പ്രതിവർഷം 285 ൽ നിന്ന് 300 ആക്കി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഏഴു വർഷം സർവീസുള്ള വനിതകൾക്കും ഇനി മെഡൽ ലഭിക്കും.

മൂന്ന് പേരെ മെഡലിനായി സംസ്ഥാന പോലീസ് മേധാവിയക്ക് ശുപാർശ ചെയ്യാം. കേസുകളിൽ കുടുങ്ങിയ എസ്.ഐക്ക് അനുവദിച്ച പൊലീസ് മെഡൽ മുഖ്യമന്ത്രി നേരത്തേ തിരിച്ചെടുത്തിരുന്നു. 2015 ലെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച എസ്.ഐ വി.വി.നടേശനെതിരെയായിരുന്നു നടപടി. മെഡൽ അനുവദിച്ച ശേഷം നടേശനെതിരെ സർക്കാരിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഡി.ജി.പി നടത്തിയ അന്വേഷണത്തിൽ നടേശനെ പ്രതിയാക്കി വൈക്കം മുനിസിഫ് കോടതിയിൽ സിവിൽ കേസുകളുണ്ടെന്നും, നാട്ടുകാരെ അസഭ്യം പറഞ്ഞതായി പരാതി സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.