കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയുള്ള ഗൂഢാലോചന കേസിൽ ദിലീപിനെതിരെ നിർണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. ദിലീപിന്റെ ഫോണിൽ നിന്ന് നീക്കിയ 12 ചാറ്റുകളിൽ ഒന്ന് ഇറാൻ പൗരൻ അഹമ്മദ് ഗുൽച്ചെനുമായുള്ളതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ദിലീപിന് സാമ്പത്തിക സഹായം നൽകുന്നത് യു.എ.ഇയിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗുൽച്ചെനാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
സൈബർ വിദഗ്ധനായ സായ്ശങ്കർ വഴിയാണ് ദിലീപ് തന്റെ ഫോണിലെ വിവരങ്ങൾ നീക്കിയത്. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ഗുൽച്ചെന് ബന്ധമുണ്ടെന്നാണ് ബാലചന്ദ്ര കുമാർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ദിലീപ് ദുബായിലെത്തി ഗുൽച്ചെനെ കണ്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുണ്ട്. ഗുൽച്ചെനിൽ നിന്ന് ദിലീപ് പണം വാങ്ങിയിട്ടുണ്ടോ ഇയാളുമായുള്ള ആശയവിനിമയം എന്തിനായിരുന്നു തുടങ്ങിയ കാര്യങ്ങളിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്.
അതേസമയം, ദുബായിൽ വ്യാപാരിയും ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സി.ഇ.ഒയുമായ ഗലാഫിന്റേതാണ് ദിലീപിന്റെ ഫോണിൽ നിന്ന് നീക്കിയ മറ്റൊരു ചാറ്റ്. ദുബായിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫർ, ദുബായിലെ സാമൂഹിക പ്രവർത്തകൻ വാടാനപ്പള്ളി സ്വദേശി സനീർ, കാവ്യാ മാധവൻ, ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ്, മലയാളത്തിലെ ഒരു പ്രമുഖ നടി, ദുബായിലെ മലയാളി വ്യവസായികൾ തുടങ്ങിയവരുമായുള്ള ചാറ്റുകളും നീക്കിയിട്ടുണ്ട്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ദുബായ് പാർട്ട്‌നറുമായുള്ള സംഭാഷണവും ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തിട്ടുണ്ട്.

