ശ്രീലങ്കയില്‍ കര്‍ഫ്യൂ തുടരുന്നു; സാമൂഹിക മാധ്യമങ്ങള്‍ക്കും വിലക്ക്‌

കൊളംബോ: ശ്രീലങ്കയില്‍ ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ക്കു തടയിടാനായി സര്‍ക്കാര്‍ രാജ്യവ്യാപകമായി ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ്, യൂട്യൂബ്, സ്‌നാപ് ചാറ്റ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ പന്ത്രണ്ടോളം സമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് നടപടിയെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. പ്രതിഷേധങ്ങള്‍ രൂക്ഷമായതിനാല്‍ വെള്ളിയാഴ്ച രാത്രി അടിയന്തരാവസ്ഥയും ശനിയാഴ്ച വൈകീട്ട് ആറുമുതല്‍ 36 മണിക്കൂര്‍ കര്‍ഫ്യൂവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുടെ മിരിഹാനയിലെ വീടിനുമുന്നില്‍ നടന്ന പ്രതിഷേധ പ്രകടനം അക്രമാസക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. കൊളംബോയിലും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും പട്ടാളത്തെ വിന്യസിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒട്ടേറെ പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയതായി പൊതുസുരക്ഷാ മന്ത്രാലയം വ്യക്തമാക്കി.

ശ്രീലങ്ക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് സര്‍വീസുകളും തീവണ്ടികളും തിങ്കളാഴ്ച രാവിലെ വരെ നിര്‍ത്തിവെച്ചു. ഇതിനിടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ശനിയാഴ്ചയും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.