കറാച്ചി: പാകിസ്ഥാനിലെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് കാരണക്കാര്‍ അമേരിക്കയാണെന്ന പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനക്ക് അടിസ്ഥാനമില്ലാത്ത ആരോപണം എന്ന് വിശേഷിപ്പിച്ച് അമേരിക്ക രംഗത്തെത്തി. അവിശ്വാസ പ്രമേയത്തിലൂടെ തന്നെ പുറത്താക്കണമെന്നും ഇല്ലെങ്കില്‍ രാജ്യം അതിന്റെ ദൂഷ്യവശങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി അമേരിക്ക പാകിസ്ഥാനിലെ പ്രതിപക്ഷത്തിന് കത്തയച്ചെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ റാലിയെ അഭിസംബോധന ചെയ്യവെ അമേരിക്കക്കെതിരെ ഇമ്രാന്‍ ആരോപിച്ചത്.
‘ആരോപണങ്ങളില്‍ ഒരു തരത്തിലുളള സത്യവുമില്ല. അനാവശ്യ കാര്യങ്ങള്‍ പറയരുത്. പാകിസ്ഥാനിലെ സംഭവവികാസങ്ങള്‍ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അവരുടെ ഭരണഘടനാ പ്രക്രിയയെയും നിയമവാഴ്ചയെയും ഞങ്ങള്‍ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ഒരുതരത്തിലുള്ള കത്തും ഞങ്ങള്‍ ആര്‍ക്കും അയച്ചിട്ടില്ല. അഴിമതി നിറഞ്ഞ ഭരണം കാരണമാണ് ഇമ്രാന് അവിശ്വാസ പ്രമേയത്തെ നേരിടേണ്ടി വന്നത്. ബൈഡന്‍ അധികാരമേല്‍ക്കുന്നതിന് മുമ്പ് തന്നെ അമേരിക്കയുമായുള്ള പാകിസ്ഥാന്റെ ബന്ധം വഷളായിരുന്നു. ചൈനയുമായുള്ള അടുപ്പം സ്ഥിതി കൂടുതല്‍ വഷളാക്കുകയായിരുന്നു’- യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു.
അതേസമയം, ഇമ്രാനെതിരെ ‘മണ്ടന്‍’ എന്ന വിശേഷണവുമായി മുന്‍ ഭാര്യ റെഹം ഖാന്‍ രംഗത്തെത്തി. ദൈവകൃപയാല്‍ എല്ലാം നേടിയെന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നു എന്നാല്‍, അദ്ദേഹത്തിന് ഇല്ലാത്തതായി ഒന്നുണ്ട്, അത് ബുദ്ധിയാണ്. ഇമ്രാന്‍ പ്രധാനമന്ത്രി അല്ലാത്തപ്പോള്‍ പാകിസ്ഥാനിലെ സ്ഥിതിഗതികള്‍ മഹത്തരമായിരുന്നു എന്നും അവര്‍ ചൂണ്ടിക്കാട്ടി.

