തിരുവനന്തപുരം: കെ റെയിൽ പ്രതിഷേധത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി എൻഎസ്എസ്. ജനങ്ങളെ വിശ്വാസത്തിൽ എടുക്കുക എന്നത് സർക്കാരിന്റെ ധാർമ്മിക ഉത്തരവാദിത്തമാണെന്ന് എൻഎസ്എസ് അറിയിച്ചു. ഭൂമി നഷ്ടപെടുന്നവരുടെ പ്രതിഷേധം സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്നും ദീർഘ വീക്ഷണം ഇല്ലാതെ സാമ്പത്തിക പുരോഗതി മാത്രം ലക്ഷ്യമിട്ടുള്ള പദ്ധതി ജനക്ഷേമ കരമാകില്ലെന്നും എൻഎസ്എസ് പറഞ്ഞു. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് എൻഎസ്എസ് ഇക്കാര്യം അറിയിച്ചത്.
സിൽവർ ലൈൻ പോലുള്ള വികസനപദ്ധതികൾ നടപ്പാക്കരുതെന്ന് അഭിപ്രായമില്ല, എന്നാൽ ഉന്നയിക്കുന്ന അവകാശവാദങ്ങളിൽ പലതും നിലനിൽക്കുന്നതല്ല. കേരളത്തിന്റെ സുസ്ഥിരവികസനവും ഭാവിയിലേക്കുള്ള സാമ്പത്തിക-സാമൂഹിക-പാരിസ്ഥിതിക വികാസവും ലക്ഷ്യം വച്ചുകൊണ്ടാണ് ‘സിൽവർലൈൻ’ അതിവേഗ റെയിൽപാത തിരുവനന്തപുരം മുതൽ കാസർകോട് വരെ നിർമ്മിക്കാൻ കേരള സർക്കാർ ഉദ്ദേശിക്കുന്നത്. തുടർച്ചയായുള്ള പ്രളയവും കോവിഡിന്റെ പലതരം വ്യാപനവും അതിനെ തുടർന്ന് ബഹുഭൂരിപക്ഷം ജനങ്ങൾക്കും ഉണ്ടായിട്ടുള്ള സാമ്പത്തികാഘാതവും കണക്കിലെടുക്കുമ്പോൾ ഏതുതരം പദ്ധതികൾക്കാണ് സർക്കാർ മുൻതൂക്കം നൽകേണ്ടത് എന്ന് ഈ അവസരത്തിൽ ചിന്തിക്കേണ്ടതാണ്. കേരളത്തിന്റെ ഭൂപ്രകൃതിയും ജനസാന്ദ്രതയും അധിവാസമാതൃകയും ഒക്കെ പരിഗണിക്കുമ്പോൾ ഭാവിയിൽ വൻകിട വ്യവസായങ്ങൾ വിവിധ പ്രദേശങ്ങളിൽ നിക്ഷേപിക്കുമെന്നും അവയെ തമ്മിൽ സിൽവർലൈൻ ബന്ധിപ്പിക്കുമെന്നും മറ്റുമുള്ള വാദഗതികളും നിലനിൽക്കണമെന്നില്ലെന്ന് എൻഎസ്എസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
സിൽവർലൈൻ പദ്ധതിക്ക് മൊത്തം അറുപത്തിനാലായിരം കോടി രൂപയാണ് ചെലവാകുന്നതെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും, നീതി ആയോഗിന്റെ കണക്കുപ്രകാരം ഏകദേശം ഒന്നേകാൽലക്ഷം കോടി രൂപ വേണ്ടിവരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമൂലം സംസ്ഥാനത്തിന്റെ കടബാധ്യത സമ്പദ് വ്യവസ്ഥയ്ക്കു താങ്ങാവുന്നതിനപ്പുറം ഗണ്യമായി വർദ്ധിക്കുകയും സർക്കാർ കടക്കെണിയിൽ ആണ്ടുപോകാനുള്ള സാദ്ധ്യതയുമില്ലേയെന്ന് എൻഎസ്എസ് ചോദിച്ചു.
സാമ്പത്തികഭദ്രത ഇല്ലാതെയും സാംസ്‌കാരിക-സാമൂഹികദീർഘവീക്ഷണം ഇല്ലാതെയും സാമ്പത്തികപുരോഗതി മാത്രം ലാക്കാക്കിയുള്ള വികസനം ജനക്ഷേമകരമാവില്ല. നമ്മുടെ ഭൂപ്രകൃതിക്കും സമ്പദ് വ്യവസ്ഥയ്ക്കും സാമൂഹ്യ ജീവിതത്തിനും സാമ്പത്തിക ഭദ്രതയ്ക്കും ഉതകുന്നതാവണം ഭാവിവികസന പ്രവർത്തനങ്ങൾ. വലിയ പദ്ധതികൾ കൊണ്ടുവരുമ്പോൾ ഒരുവിഭാഗം ജനങ്ങൾക്ക് കഷ്ടനഷ്ടങ്ങൾ ഉണ്ടാകും എന്നത് വസ്തുതയാണ്. ഈ പദ്ധതിയുടെ പേരിൽ ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവരുടെ പ്രതിഷേധങ്ങളെ കണ്ടില്ലെന്നു വയ്ക്കരുത്. ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതോടൊപ്പംതന്നെ അതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ഇടയിൽ ഉയർന്നുവരുന്ന ഭയാശങ്കകൾ ദൂരീകരിച്ച് ജനങ്ങളെ വിശ്വാസത്തിലെടുക്കുക എന്നത് ഒരു സർക്കാരിന്റെ ധാർമ്മിക ഉത്തരവാദിത്തമാണെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടി.

