തിരുവനന്തപുരം: സംസ്ഥാനത്തെ കെ റെയില്‍ സര്‍വേ സുപ്രീംകോടതി വരെ അംഗീകരിച്ചതാണെന്നും, ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം സുപ്രീംകോടതിക്കെതിരാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുപ്രീംകോടതി വിധി വരുന്നതിനു മുമ്പുള്ള അവസ്ഥയല്ല ഇപ്പോഴത്തേത്. അതിനാല്‍ യുഡിഎഫ് പുനര്‍ചിന്തനം നടത്തണമെന്നും കോടിയേരി പറഞ്ഞു.
‘കെ-റെയില്‍ എല്‍ഡിഎഫിന്റെ മാനിഫെസ്റ്റോയില്‍ പറഞ്ഞതാണ്. അന്ന് യുഡിഎഫ് അടക്കം ആരും എതിരഭിപ്രായം പറഞ്ഞിട്ടില്ല. വിഷയത്തില്‍ ഇടതുമുന്നണിയില്‍ വ്യത്യസ്ത അഭിപ്രായമില്ല. കേരളത്തിന്റെ വികസനത്തിനായി പരമാവധി ജനങ്ങളുടെ അഭിപ്രായം രൂപീകരിക്കുകയാണ് സിപിഎമ്മിന്റെ നയം. കേരള വികസനത്തെക്കുറിച്ച് വിപുലമായ ചര്‍ച്ച നടക്കട്ടെ എന്ന ഉദ്ദേശത്തിലാണ് ജനാഭിപ്രായമാരായാന്‍ പാര്‍ട്ടി പുതിയ വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. യുഡിഎഫിന്റെ അഭിപ്രായം നോക്കി പ്രവര്‍ത്തിച്ചാല്‍ കേരളം വികസിക്കില്ല’- അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ദേശീയ പണിമുടക്കിനെ സംബന്ധിച്ച് ഉന്നയിച്ച ആരോപണങ്ങള്‍ക്കും കോടിയേരി മറുപടി നല്‍കി. ദേശീയ പണിമുടക്ക് പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടി കൂടി പങ്കെടുത്ത സമരമാണ്. വിഡി സതീശന്‍ തന്നെ ഐഎന്‍ടിയുസിയുടെ പല സംഘടനകളുടെയും നേതാവല്ലേയെന്നും കോടിയേരി ചോദിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവിനെതിരെ ഏപ്രില്‍ രണ്ടിന് സിപിഎം ദേശീയ തലത്തില്‍ പ്രക്ഷോഭം നടത്തുമെന്നും സംസ്ഥാനത്ത് രണ്ടായിരത്തിലധികം കേന്ദ്രങ്ങളില്‍ രാവിലെ അഞ്ചുമണി മുതല്‍ ഏഴുമണിവരെ ധര്‍ണാ സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

