ദ്വിദിന പണിമുടക്ക്; ആദ്യ ദിനം സംസ്ഥാനത്ത് ഹർത്താലിന് സമാനം

ന്യൂഡൽഹി: രാജ്യവ്യാപകമായി നടത്തുന്ന ദ്വിദിന പണിമുടക്കിന്റെ ആദ്യ ദിനം സംസ്ഥാനത്ത് ഹർത്താലിന് സമാനം. മറ്റു സംസ്ഥാനങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. ഡൽഹി, മുംബൈ, ബെംഗളൂരു നഗരങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചില്ലെങ്കിലും ചെന്നൈയിൽ ബസ് ഗതാഗതത്തെ ബാധിച്ചു. രാജസ്ഥാൻ, കർണാടക, പശ്ചിമ ബംഗാൾ, ഡൽഹി, അസം, തെലങ്കാന, ഹരിയാന, തമിഴ്‌നാട്, ബിഹാർ, പഞ്ചാബ്, ഗോവ, ഒഡീഷ എന്നിവിടങ്ങളിലെ വ്യവസായ മേഖലകളിൽ സമരം ബാധിച്ചു.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിരവധി അക്രമ സംഭവങ്ങൾ പണിമുടക്കിനോടനുബന്ധിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചീഫ് സെക്രട്ടറിയടക്കം 32 പേർ മാത്രമാണ് സെക്രട്ടറിയേറ്റിൽ ഇന്ന് ആകെ ഹാജരായത്. 4,828 ഉദ്യോഗസ്ഥരാണ് സെക്രട്ടറിയേറ്റിൽ ആകെയുള്ളത്.

സംസ്ഥാനത്തെ ഒട്ടുമിക്ക സർക്കാർ ഓഫീസുകളിലേയും പ്രവർത്തനവും സമാന നിലയിലായിരുന്നു. ഇതിനിടെ സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും അത് വിലക്കി കൊണ്ട് ഉത്തരവിടണമെന്നും സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.

സംസ്ഥാനത്ത് ടാക്സികളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. നഗരങ്ങളിൽ കട കമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടന്നു. ഗ്രാമീണ മേഖലകളിൽ ഒട്ടുമിക്ക കടകളും തുറന്ന് പ്രവർത്തിച്ചിരുന്നു. സ്വകാര്യ വാഹനങ്ങളിൽ ആളുകൾ യാത്ര നടത്തിയെങ്കിലും പലയിടങ്ങളിലും സമാരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ചിലയിടങ്ങളിൽ ഇത് സംഘർഷത്തിലേക്ക് വഴി വെച്ചിരുന്നു. കൊച്ചി ഫാക്ടിലും പാലക്കാട് കിൻഫ്രയിലും ജോലിക്കെത്തിയവരെ തടഞ്ഞു. തിരുവനന്തപുരത്ത് തുറന്നുപ്രവർത്തിച്ച പെട്രോൾ പമ്പ് അടിച്ചു തകർത്തു. കോഴിക്കോട്ട് പോലീസ് നോക്കിനിൽക്കെ സമരാനുകൂലികൾ ഓട്ടോറിക്ഷയുടെ കാറ്റഴിച്ചുവിടുകയും ചെയ്തു.