ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍.
ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി നിലവില്‍ ലിസ്റ്റ് ചെയ്തിട്ടില്ല. ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന വിദ്യാര്‍ത്ഥിനികളുടെ ആവശ്യവും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചിരുന്നില്ല. ഹിജാബ് വിഷയം ശക്തമാകുന്നതിനിടെ കര്‍ണാടകയിലെ ബെല്ലാരിയില്‍ ഹിജാബ് ധരിച്ച് പരീക്ഷക്ക് എത്തിയ വിദ്യാര്‍ത്ഥികളെ ഇന്ന് തടയുകയും, വിദ്യാര്‍ത്ഥികളും അധ്യാപകരുമായി വാക്കേറ്റമുണ്ടവുകയും ചെയ്തു. ഹിജാബ് മാറ്റിയ ശേഷമാണ് വിദ്യാര്‍ത്ഥികളെ പരീക്ഷാ ഹാളിലേക്ക് കയറ്റിയത്.
അതേസമയം, ഖുറാനെ വ്യാഖ്യാനിച്ചതില്‍ കര്‍ണ്ണാടക ഹൈക്കോടതിക്ക് തെറ്റുപറ്റിയെന്ന് ചുണ്ടിക്കാട്ടി ഹൈക്കോടതി വിധിക്കെതിരെ കഴിഞ്ഞ ദിവസം, സമസ്തയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. മുഴുവന്‍ മുസ്ലിം മത വിശ്വാസികളെയും ബാധിക്കുന്ന വിഷയമായതിനാലാണ് വിദ്യാലയങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതെന്ന് ഹര്‍ജിയില്‍ സമസ്ത വ്യക്തമാക്കുന്നു.

