ഒബിസി, ദളിത് പ്രാതിനിധ്യം വർധിപ്പിച്ച് ഉത്തർപ്രദേശ് മന്ത്രിസഭ

ലക്‌നൗ: ഉത്തർപ്രദേശിൽ ചരിത്ര നേട്ടം സ്വന്തമാക്കി യോഗി സർക്കാർ. മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും ഉൾപ്പെടെ 52 മന്ത്രിമാരാണ് ലക്‌നൗവിലെ എ.ബി.വാജ്പേയി സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭാ രൂപവത്കരണത്തിൽ ഭൂമിഹാറുകൾക്കും ജാട്ടുകൾക്കും പുറമെ ദളിതരേയും ഉൾപ്പെടുത്താൻ നിർണായക ഇടപെടൽ ബിജെപി നടത്തിയിട്ടുണ്ട്.

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്ത് കഴിഞ്ഞ ദിവസം അധികാരമേറ്റ മന്ത്രിമാരിൽ 18 പേർക്ക് കാബിനറ്റ് പദവി നൽകിയിട്ടുണ്ട്. 14 പേരെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 20 പേരെ സഹമന്ത്രിമാരുമായിട്ടാണ് തീരുമാനിച്ചത്. പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന മുസ്ലിം, സിഖ് വിഭാഗങ്ങളെയും ബിജെപി വളരെ ശ്രദ്ധാപൂർവ്വമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

മന്ത്രിസഭയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പടെ 21 പേർ മേൽജാതിക്കാരും 20 പേർ ഒബിസി വിഭാഗങ്ങളിൽ ഉൾപ്പെട്ടവരുമാണ്. ദളിത് വിഭാഗങ്ങളിൽ നിന്ന് ഒമ്പത് പേരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ഏക പ്രതിനിധി ഡാനിഷ് ആസാദ് അൻസാരിയാണ്.