തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സാഹിത്യകാരൻ ടി. പദ്മനാഭൻ. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഇനിയും വെളിച്ചം കാണാതെ ഇരിക്കരുതെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ അത് ചെയ്യണം. ഇല്ലെങ്കിൽ ഭാവി കേരളം സർക്കാരിന് മാപ്പ് തരില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം. തൊഴിൽ രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഇനിയും വെളിച്ചത്ത് വരേണ്ടതുണ്ട്. തെറ്റ് ചെയ്തവർ അനുഭവിക്കണമെന്നും ഇതൊന്നും കണ്ടില്ലെന്ന് നടിക്കാതെ ഇവിടെ ഒരു താരചക്രവർത്തിമാർക്കും വാഴാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിജീവിതയായ നടിയുടെ മേളയിലെ രംഗപ്രവേശത്തെ ആവേശത്തോടെയാണ് താൻ കണ്ടത്. രാജ്യാന്തര ചലച്ചിത്രമേളയിൽ വനിതാ സംവിധായകരുടെ സാന്നിദ്ധ്യം മാത്രമല്ല അതിജീവിതയ്ക്ക് ലഭിച്ച കൈയടിയാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

