ബിഎസ്എൻഎൽ- എംടിഎൻഎൽ ലയനം; തീരുമാനത്തിനെതിരെ എതിർപ്പുമായി ബിഎസ്എൻഎൽ ജീവനക്കാർ

കൊച്ചി: പൊതുമേഖല ടെലികോം കമ്പനികളായ ബിഎസ്എൻഎൽ- എംടിഎൻഎൽ എന്നിവ ലയിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ എതിർപ്പുമായി ബിഎസ്എൻഎൽ ജീവനക്കാർ. നിർദ്ദേശം പിൻവലിക്കണമെന്ന് ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കത്ത് നൽകിയിരുന്നു. ബിഎസ്എൻഎല്ലിന് സാമ്പത്തിക സഹായം നൽകണമെന്നും എംടിഎൻഎല്ലിന്റെ 26,000 കോടി രൂപയുടെ കടം സർക്കാർ ഏറ്റെടുക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നു.

എംടിഎൻഎൽ മൊബൈൽ, ലാൻഡ്ലൈൻ നെറ്റ്വർക്കുകൾ പുസ്ഥാപിക്കാൻ സഹായം വേണമെന്നും എംടിഎൻഎലിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും ലയനം ബിഎസ്എൻഎല്ലിനെ തകർക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. എംടിഎൻഎല്ലിന്റെ കടവും ആസ്തികളും പ്രത്യേകം കണക്കാക്കി അതിന്റെ പ്രവർത്തനങ്ങൾ ബിഎസ്എൻഎല്ലിൽ ലയിപ്പിക്കുന്നത് പരിഗണിക്കണമെന്ന് തിങ്കളാഴ്ചയാണ് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി, ടെലികോം വകുപ്പിനോട് നിർദ്ദേശിച്ചത്. രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർക്ക് തുല്യമായി 5ജി സേവനങ്ങൾ ലഭ്യമാക്കുന്നതിന് നഷ്ടത്തിലായ ബിഎസ്എൻഎല്ലിന് സ്‌പെക്ട്രം അനുവദിക്കണമെന്നും സമിതി ശുപാർശ ചെയ്തിരുന്നു.

എംടിഎൻഎല്ലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് പ്രായോഗിക നിർദേശങ്ങൾ നൽകാൻ ടെലികോം വകുപ്പിന് ശുപാർശ നൽകുകയും ചെയ്തു. 2022 സാമ്പത്തിക വർഷത്തിൽ വിവിധ സേവനങ്ങളിൽ നിന്ന് തന്നെ 17,000 കോടി രൂപയിലധികം വരുമാനം നേടുമെന്നാണ് കണക്കാക്കുന്നത്.