ഭോപ്പാൽ: മധ്യപ്രദേശിലെ ഷഹ്ദോൾ ജില്ലയിൽ 28 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഘത്തിലെ മുഖ്യപ്രതി ഷദബ് ഉസ്മാനിക്കെതിരെ കടുത്ത നടപടിയുമായി ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ. ഷദബ് ഉസ്മാനിയുടെ വീട് സർക്കാർ ഇടിച്ച് നിരത്തി. മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് നടപടി.
ഷദബ് ഉസ്മാനിയും ഇയാളുടെ സുഹൃത്തുക്കളായ രാജേഷ് സിങ്ങ്, സോനു ജോർജ്ജ് തുടങ്ങിയവരുമാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. ലോക്കൽ പൊലീസും ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും ബുൾഡോസറുകളുമായി മേഖലയിലെത്തി ഉസ്മാനിയുടെ വീട് ഇടിച്ചു നിരത്തുകയായിരുന്നു.
യുവതിയുമായി ഉസ്മാനി അടുപ്പത്തിലായിരുന്നു. ശനിയാഴ്ച ഉസ്മാനി യുവതിയെ ഷദോളിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള ക്ഷീരസാഗർ പ്രദേശത്തേക്ക് പിക്നിക്കിനായി കൊണ്ടുപോയിരുന്നു. ഇവിടെ വെച്ചാണ് ഇയാളും സുഹൃത്തുകളും യുവതിയെ ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് ശേഷം ഇവർ യുവതിയ്ക്ക് വിഷാംശമടങ്ങിയ പദാർത്ഥം നിർബന്ധിച്ച് നൽകുകയും ചെയ്തു. ഇതാണ് യുവതി മരണപ്പെടാൻ കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. യുവതിയുടെ മരണം അമിതമദ്യപാനം മൂലമുള്ള അപകടമാണെന്ന് വരുത്തിത്തീർക്കാനും പ്രതികൾ ശ്രമിച്ചിരുന്നു.

