ഭീകരതക്ക്‌ ധനസഹായം ലഭിച്ചതില്‍ പ്രഥമദൃഷ്ട്യാ തെളിവ്; എന്‍ഐഎ കോടതി

ന്യൂഡല്‍ഹി: ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ക്കെതിരെയുള്ള വിവിധ കേസുകളിലെ ചാര്‍ജ്ജുകള്‍ എന്‍ഐഎ കോടതി ശരിവെച്ചു.

യുഎപിഎ, രാജ്യത്തിനെതിരെ സാമ്പത്തിക യുദ്ധം നടത്തുക, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങി നിരവധി വകുപ്പുകളാണ് പാകിസ്ഥാന്‍ കേന്ദ്രമായി ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായത്തിനും നേതൃത്വം നല്കിയ ലഷ്‌കര്‍ സ്ഥാപക നേതാവ് ഹാഫിസ് സയിദ്, ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയിദ് സാലഹുദ്ദീന്‍, കശ്മീരിലെ ഭീകരവാദികളായ യാസിന്‍ മാലിക്, ഷബീര്‍ ഷാ, മുന്‍ എംഎല്‍എ റഷീദ് എന്‍ജിനീയര്‍, വ്യവസായി സാഹൂര്‍ അഹമ്മദ് ഷാ എന്നിവര്‍ക്കും മറ്റ് നേതാക്കള്‍ക്കുമെതിരെയും ചുമത്തിയിരിക്കുന്നത്. കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന പണം വന്‍തോതില്‍ ലഭിക്കുകയും ഉപയോഗിക്കുകയും ചെയ്തതില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് എന്‍ഐഎ പ്രത്യേക ജഡ്ജി പ്രവീണ്‍ സിങ് വ്യക്തമാക്കി.

ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം പാകിസ്ഥാനില്‍ നിന്നുമാണ് ലഭിച്ചതെന്നും, ഇതിനായി നയതന്ത്ര മാര്‍ഗം പോലും ദുരുപയോഗിച്ചതായും എന്‍ഐഎ ചൂണ്ടിക്കാട്ടി. ലഷ്‌കര്‍ ഭീകരന്‍ ഫായിസ് സയിദാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം അയച്ചിരുന്നത്. തീവ്രവാദ ഫണ്ടിങ്ങിന്റെ പ്രധാന വഴികളിലൊരാളാണ് പ്രതി സഹൂര്‍ അഹമ്മദ് ഷാ വതാലിയെന്നും കുറ്റോരോപിതനായ നവല്‍ കിഷോര്‍ കപൂര്‍ ഇത് സുഗമമാക്കുന്നതിന് പ്രധാന പങ്കു വഹിച്ചുവെന്നും കോടതി വ്യക്തമാക്കി. ജമ്മുകശ്മീരില്‍ ഭീകരവാദത്തിനും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി സ്വാതന്ത്ര്യ സമരം എന്ന പേരിലാണ് പ്രതികള്‍ ധനസമാഹരണം നടത്തിയിരുന്നത്. ഇതിനായി ജെകെഎല്‍എഫ് സ്ഥാപകന്‍ യാസിന്‍ മാലിക് വിപുലമായ സംവിധാനം സ്ഥാപിച്ചിരുന്നതായും കോടതി ചൂണ്ടിക്കാട്ടി. പ്രഥമ ദൃഷ്ട്യാ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കോടതി പറഞ്ഞു.