മലപ്പുറം: കാളികാവ് പൂങ്ങോട് എൽപി സ്‌കൂൾ മൈതാനിയിൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നുവീണുണ്ടായ അപകടത്തിൽ വിശദമായ അന്വേഷണം നടത്താൻ തീരുമാനം. അൻപതിൽ അധികം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇതിൽ പതിനഞ്ച് പേരുടെ നില ഗുരുതരമാണ്. ഇവർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. എണ്ണായിരത്തോളം പേർ ടൂർണമെന്റ് കാണാനെത്തിയതായാണ് റിപ്പോർട്ടുകൾ. ഗാലറിയുടെ നിർമ്മാണത്തിലെ പോരായ്മയാണ് അപകടത്തിന് കാരണം. ഉൾക്കൊള്ളാവുന്നതിലുമധികം കാണികൾ ഗ്യാലറിയിൽ ഉണ്ടായിരുന്നു. ഫൈനൽ മത്സരത്തിന് തൊട്ടു മുൻപാണ് ഗ്യാലറി തകർന്ന് വീണത്. തകർന്ന ഭാഗത്ത് മാത്രം മൂവായിരത്തോളം ആളുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലുണ്ടായ ബലക്ഷയമാണ് ഗ്യാലറി തകർന്നുവീഴാൻ ഇടയാക്കിയതെന്നാണ് വിലയിരുത്തൽ. ഗ്യാലറിയിൽ കൊള്ളാവുന്നതിലും കൂടുതൽ പേരെ പ്രവേശിപ്പിച്ച സംഘാടകർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മലപ്പുറം എസ് പി വ്യക്തമാക്കി. ഗ്യാലറി നിർമ്മാണങ്ങൾക്കൊന്നും പരിശോധനയും ഗുണനിലവാരവും ഉറപ്പാക്കാനുള്ള സംവിധാനമില്ല. ഇതാണ് ദുരന്തമുണ്ടാക്കിയതെന്നാണ് നിഗമനം.

