തുടർ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് യുക്രൈനിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾ

കോഴിക്കോട്: തുടർ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് യുക്രൈനിൽ നിന്നും മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾ. താമരശ്ശേരി പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കവെയാണ് വിദ്യാർത്ഥികൾ ആശങ്ക പങ്കുവെച്ചത്. യുക്രൈനിൽ യുദ്ധം അവസാനിക്കാത്ത സാഹചര്യത്തിൽ തുടർ പഠനത്തിന് നാട്ടിൽ സൗകര്യമൊരുക്കാൻ സർക്കാരുകൾ ശ്രമിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് യുക്രൈനിൽ ഒരു പരിഗണനയും ഇല്ലായിരുന്നുവെന്നും നാട്ടിലെത്തിയെങ്കിലും തുടർപഠനം സംബന്ധിച്ച് ആശങ്കയിലാണെന്നും സപോറേഷ്യ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ എം.ബി.ബി.എസ്. നാലാം സെമസ്റ്റർ വിദ്യാർത്ഥിയായ മുഹമ്മദ് മിൻഹാജ് വ്യക്തമാക്കി.

എം.ബി.ബി.എസ് കോഴ്‌സിന്റെ പ്രാക്റ്റിക്കൽ ഉൾപ്പെടെയുള്ളവ എങ്ങനെ നടത്തുമെന്ന് ആശങ്കയുണ്ടെന്ന് സപോറേഷ്യ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ എം.ബി.ബി.എസ്.ഒന്നാം സെമസ്റ്റർ വിദ്യാർത്ഥി ആഷിഖ് സലാഹ് പറഞ്ഞു. മൂന്ന് മാസം മുൻപാണ് യുക്രൈനിൽ എത്തിയതെന്നും അപ്പോഴേക്കും യുദ്ധം പൊട്ടി പുറപ്പെട്ടതോടെ അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യം ഉണ്ടായതായും സപോറേഷ്യ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ എം.ബി.ബി.എസ്.ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിനിയായ ഫാത്തിമ നിയ അറിയിച്ചു.

അതേസമയം, യുക്രൈനിൽ യുദ്ധം ആരംഭിക്കുന്നതിന് തൊട്ട് മുൻപുള്ള ദിവസങ്ങളിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി എംബസി ഏർപ്പെടുത്തിയ വിമാനത്തിന് ടിക്കറ്റ് നിരക്കിൽ വൻ വർധനവ് വരുത്തിയത് പ്രയാസം സൃഷ്ടിച്ചതായും വിദ്യാർത്ഥികൾ വെളിപ്പെടുത്തി. സാധാരണ വിമാന ടിക്കറ്റ് നിരക്കുമായി തട്ടിച്ച് നോക്കുമ്പോൾ വൻ വർദ്ധനവായിരുന്നു ഇത്. യുദ്ധം തുടങ്ങിയ ശേഷം യുക്രൈൻ അതിർത്തി രാജ്യമായ ഭൂട്ടാനിലെത്തിയ ശേഷം മാത്രമാണ് ഇന്ത്യ ഏർപ്പെടുത്തിയ വിമാനത്തിൽ നാട്ടിലെത്താനായത്. അതിർത്തി രാജ്യത്ത് എത്തുകയെന്നതായിരുന്നു ഏറ്റവും വലിയ ദുരിതവും പ്രയാസവുമെന്നും വിദ്യാർത്ഥികൾ പറയുന്നു.