തിങ്കളാഴ്ച്ച മുതൽ സംസ്ഥാനത്തെ ഇന്ധന വിതരണം തടസപ്പെടും; ലോറി ഉടമകൾ സമരത്തിലേക്ക്

തിരുവനന്തപുരം: തിങ്കളാഴ്ച്ച മുതൽ സംസ്ഥാനത്തെ ഇന്ധന വിതരണം തടസപ്പെടും. എണ്ണക്കമ്പനികളായ ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികളിലെ സർവീസ് നിർത്തിവക്കാനാണ് ലോറി ഉടമകളുടെ തീരുമാനം. സർക്കാർ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നാണ് ലോറി ഉടമകൾ ഉന്നയിക്കുന്ന ആവശ്യം.

അറുനൂറോളം ലോറികളാണ് തിങ്കളാഴ്ച മുതൽ സർവീസ് പണിമുടക്കുകയെന്ന് പെട്രോളിയം പ്രൊഡക്ട് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. 13 ശതമാനം സർവീസ് ടാക്‌സ് നൽകാൻ നിർബന്ധിതരായതിനാലാണ് ലോറി ഉടമകൾ കർശന നടപടികളിലേക്ക് കടന്നത്. നികുതി തുക കെട്ടിവെക്കാൻ ലോറി ഉടമകൾ പ്രാപ്തരല്ലെന്നും കരാർ പ്രകാരം സർവീസ് ടാക്‌സ് എണ്ണക്കമ്പനികളാണ് നൽകേണ്ടതെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

കമ്പനി ഉടമകളുമായി ലോറി ഉടമകൾ നേരത്തെ ചർച്ച നടത്തിയിരുന്നു. എന്നാൽ പ്രശ്‌ന പരിഹരിക്കാൻ കഴിയാത്തതിനെ തുടർന്നാണ് സമരത്തിലേക്ക് കടക്കാൻ അധികൃതർ തീരുമാനിച്ചത്.