എക്സൈസ് തീരുവ കുറച്ചില്ല; കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കെതിരെ വിമർശനവുമായി പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. പെട്രോളിന്റേയും ഡീസലിന്റേയും വാറ്റ് കുറയ്ക്കാത്തതിനാണ് അദ്ദേഹം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ചത്. കേരളവും മഹാരാഷ്ട്രയും ഉൾപ്പെടെയുള്ള ഒമ്പത് സംസ്ഥാനങ്ങൾ വാറ്റ് കുറച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

യുഎസ്, കാനഡ, ഫ്രാൻസ്, ജർമനി, യുകെ, സ്പെയിൻ ഈ രാജ്യങ്ങളിലെല്ലാം 50 മുതൽ 58 ശതമാനം വരെ ഇന്ധന വില ഉയർന്നുവെന്നും എന്നാൽ ഇന്ത്യയിൽ വില മാറ്റമില്ലാതെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വൈറസ് വ്യാപനത്തിന്റെ സമയത്ത് രാജ്യത്ത് ഇന്ധന വില അഞ്ച് ശതമാനം മാത്രമാണ് ഉയർത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താവ് നൽകുന്ന ഇന്ധന വില സ്ഥിരതയോടെ തുടരുന്നതിൽ എല്ലാവരും സന്തോഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാഹചര്യങ്ങൾക്കനുസരിച്ചാണ് രാജ്യത്ത് നികുതി ഈടാക്കുന്നത്. മഹാമാരിയുടെ ഘട്ടത്തിൽ ഇന്ധന നികുതി വർധിപ്പിച്ചിരുന്നു. എന്നാൽ അത് പിന്നീട് കുറച്ചു. കേന്ദ്ര എക്സൈസ് തീരുവ കേന്ദ്രം കുറച്ചെങ്കിലും 9 സംസ്ഥാനങ്ങൾ ഇതിന് തയ്യാറായിട്ടില്ല. വില നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ ഇനിയും കേന്ദ്രം തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.