രാഷ്ട്രീയ നേതാവ് എന്നതിനൊപ്പം ആത്മീയ രംഗത്തും തിളങ്ങിയ അപൂർവ വ്യക്തിത്വം; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് രാഹുൽ ഗാന്ധി

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഷ്ട്രീയ നേതാവ് എന്നതിനൊപ്പം ആത്മീയ രംഗത്തും തിളങ്ങിയ അപൂർവ വ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്. ഹൈദരലി തങ്ങൾ പിന്തുടർന്ന പാത സാദിഖലി തങ്ങളും പിന്തുടരുമെന്ന് അറിയാമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പാണക്കാട് അനുശോചനം അറിയിക്കാൻ എത്തിയപ്പോഴായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏതാനും മാസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായിരുന്നു.