തൃശ്ശൂര്‍: സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് റീട്ടെയില്‍ വില കിലോ ഗ്രാമിന് 160 രൂപ വരെയും മൊത്തവ്യാപാര വില 137 ആയും ഉയര്‍ന്നു. 250 രൂപയാണ് ഇന്നലത്തെ വില. ഒറ്റയടിക്ക് 50 രൂപയാണ് കോഴിക്ക് കൂടിയത്. തമിഴ്നാട്ടില്‍ കോഴിക്ക് 140 രൂപയും ഇറച്ചിക്ക് 220 രൂപയുമാണ് വില. വില വര്‍ധന മൂലം മൊത്തവ്യാപാരികള്‍ക്ക് വന്‍ ലാഭമാണ് ഉള്ളതെങ്കിലും വില താങ്ങാന്‍ കഴിയുന്നില്ലെന്നാണ് ചെറുകിട വ്യാപാരികള്‍ പറയുന്നത്. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിയാണ് ഏറെയും.
അതേസമയം, കോഴി വാങ്ങി അത് ഇറച്ചിയാക്കി കൊടുക്കുമ്പോള്‍ തൊഴില്‍ കൂലി കഴിഞ്ഞ് 10 രൂപ മാത്രമേ മാര്‍ജിന്‍ കിട്ടുകയുള്ളുവെന്നാണ് ചെറുകിട വ്യാപാരികള്‍ പറയുന്നത്. ഇന്നലെ ചില മേഖലകളില്‍ 50 മുതല്‍ 60 വരെ കിലോഗ്രാം കോഴി വിറ്റുപോയി. എന്നാല്‍, പണ്ട് മൂന്ന് ക്വിന്റല്‍ വരെ വില്‍പന നടന്നിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. വിലക്കയറ്റം കാരണം ചെറുകിട കോഴിക്കടകളില്‍ വില്‍പനയും വളരെ കുറഞ്ഞു. ജില്ലയില്‍ കോഴി വിലയും കോഴിത്തീറ്റ വിലയും നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നടപടികളില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
ചൂടു കാലമായതോടെ ഫാമുകളില്‍ ഉല്‍പാദന ചെലവും കൂടിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ സൗജന്യമായി മുട്ടക്കോഴികള്‍ വിതരണം ചെയ്യുമ്പോള്‍ ഇറച്ചിക്കോഴി കൃഷിക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് ഫാമുടമകള്‍ വ്യക്തമാക്കുന്നു. അതിനിടെ, കോഴിത്തീറ്റ വിലയും കുതിക്കുകയാണ്. 28 മുതല്‍ 45 രൂപ വരെയാണ് കോഴിത്തീറ്റ വില. അതേസമയം, മീനിനും വില കൂടി. മത്തി 220, അയല 180, അറയ്ക്ക 500 മുതല്‍ 700 വരെ, ആവോലി 600, കരിമീന്‍ 600, ഞണ്ട് 240, കൂന്തള്‍ 280, ചെമ്മീന്‍ 400 എന്നിങ്ങനെയാണ് വില.

