പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പി. ശശി വീണ്ടും സിപിഎം സംസ്ഥാന കമ്മിറ്റിയില്‍

കൊച്ചി: പി. ശശി വീണ്ടും സിപിഎം സംസ്ഥാന സമിതിയില്‍. ഡിവൈഎഫ്‌ഐ ജില്ലാ നേതാവായ യുവതിയുടെ പരാതിയില്‍ ലൈംഗികാരോപണത്തെ തുടര്‍ന്ന്‌ 2011ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ശശി പാര്‍ട്ടിക്ക് പുറത്താവുകയും, കേസില്‍ 2016ല്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്യുകയായിരുന്നു. 2018 ജൂലൈയില്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയ ശശി, 2019 മാര്‍ച്ചില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെത്തി. പി. ശശി പുറത്താകുന്നതിനെ തുടര്‍ന്നാണ് പി. ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായത്.

പാര്‍ട്ടിയില്‍നിന്ന് പുറത്തായ ശശി അഭിഭാഷകനെന്ന നിലയില്‍ പൊതുരംഗത്ത് സജീവമായിരുന്നു. പിന്നീട് സിപിഎം അഭിഭാഷക സംഘടനയുടെ ജില്ലാ പ്രസിഡന്റായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018 ജൂലൈയില്‍ ബ്രാഞ്ച് കമ്മിറ്റിയിലും പിന്നീട് ഏരിയാ കമ്മിറ്റിയിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തുകയായിരുന്നു. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള ശശി, പാര്‍ട്ടിയിലെ കണ്ണൂര്‍ ഘടകത്തിലെ ശക്തനായ നേതാവായിരുന്നു. ഇതിനിടെയാണ് ആരോപണത്തില്‍പ്പെട്ട് പാര്‍ട്ടിക്ക് പുറത്തായത്.

ഇത്തവണ സംസ്ഥാന കമ്മിറ്റിയില്‍ 16 പേര്‍ പുതുമുഖങ്ങളാണ്-എം എം വര്‍ഗീസ്, എ വി റസ്സല്‍, ഇ എന്‍ സുരേഷ്ബാബു, സി വി വര്‍ഗീസ്, പനോളി വത്സന്‍, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എന്‍ ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ. അനില്‍ കുമാര്‍, വി ജോയ്, ഒ ആര്‍ കേളു, ഡോ. ചിന്ത ജെറോം എന്നിവരാണ് പുതുതായി കമ്മിറ്റിയിലെത്തിയത്.