ഖാർകീവിലെ വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിൽ നടപടികൾ വൈകി; വിമർശനവുമായി വേണു രാജാമണി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ഡൽഹിയിലെ കേരള പ്രതിനിധി വേണു രാജാമണി. ഖാർകീവിലെ വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിൽ നടപടികൾ വൈകിയെന്ന് അദ്ദേഹം പറഞ്ഞു.

യുക്രൈന്റെ അയൽ രാജ്യങ്ങളിലേക്കല്ല മന്ത്രിമാരെ അയക്കേണ്ടിയിരുന്നതെന്നും തുടക്കത്തിലെ റഷ്യയിലേക്കു മന്ത്രിയെ അയക്കണമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ കാര്യങ്ങൾ വൈകിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

കിഴക്കൻ യുക്രൈനിലായിരുന്നു ഒഴിപ്പിക്കൽ തുടങ്ങിയപ്പോൾ ആദ്യം ശ്രദ്ധ കൊടുക്കേണ്ടിയിരുന്നത്. റഷ്യയുടെ അതിർത്തിയിലെ സ്ഥലങ്ങളിലാണ് ആദ്യം ആക്രമണം ഉണ്ടാകുകയെന്ന് ആർക്കും ഊഹിക്കാമായിരുന്നുവെന്നും ഈ കുട്ടികളെ ആദ്യം തന്നെ പുറത്തേക്കു കൊണ്ടുവരണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ നീക്കം വളരെ വൈകിപ്പോയെന്നും വിദ്യാർത്ഥികളെല്ലാം ദയനീയ അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.