കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനുമായി തനിക്ക് തര്‍ക്കങ്ങള്‍ ഇല്ലെന്നും, ഹൈക്കമാന്‍ഡിന് കത്തയച്ച കാര്യം അറിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഡിസിസി പുനസംഘടനയിലെ തര്‍ക്കങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും സതീശന്‍ വ്യക്തമാക്കി. പുനസംഘടനയുമായി ബന്ധപ്പെട്ട് എംപിമാരടക്കമുള്ള ചില മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ പരാതികള്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കെപിസിസി, ഡിസിസി പുനസംഘടന തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ എഐസിസിയുടെ നിര്‍ദ്ദേശമുണ്ട്. പുനസംഘടനക്കെതിരെ എട്ട് എംപിമാര്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് നടപടി. എംപിമാരുമായി ചര്‍ച്ച നടത്തി അവരെ കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകാന്‍ താരിഖ് അന്‍വര്‍ സുധാകരന് നിര്‍ദേശം നല്‍കി. പുനസംഘടന പട്ടിക അന്തിമമായിരിക്കെ നിര്‍ത്തി വെക്കാനുള്ള തീരുമാനത്തില്‍ സുധാകരന്‍ അതൃപ്തി പ്രകടിപ്പിച്ചു. എംപിമാരുമായി ചര്‍ച്ച നടത്തിയതാണെന്നാണ് സുധാകരന്റെ നിലപാട്.

