മയക്കുമരുന്ന് വിൽപ്പന; സംഘത്തിലെ പ്രധാന കണ്ണിയായ നൈജീരിയൻ പൗരൻ അറസ്റ്റിൽ

കൊച്ചി: മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ നൈജീരിയൻ പൗരൻ പിടിയിൽ. റെമിജുസ് എന്നയാളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ടീം ആണ് ഇയാളെ പിടികൂടിയത്. ബാംഗ്ലൂർ മേദനഹള്ളിയിലെ ഫ്ളാറ്റ് വളഞ്ഞ ശേഷം ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. എം.ഡി.എം.എ പോലുള്ള മയക്ക് മരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ വർഷം നവംബറിൽ 168 ഗ്രാം എം.ഡി.എം.എ യുമായി നാല് യുവാക്കളെ നെടുമ്പാശേരി കരിയാട് നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ തുടരന്വേഷണമാണ് നൈജീരിയൻ പൗരനിലെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചത്. നാലംഘ സംഘത്തിന് മയക്കുമരുന്ന് നൽകിയത് ഇയാളാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 2016 ൽ മെഡിക്കൽ വിസയിൽ ഇന്ത്യയിലേക്ക് വന്ന ഇയാൾ വിസ പുതുക്കാതെ അനധികൃതമായി ബാംഗ്ലൂരിൽ തങ്ങുകയായിരുന്നു. ഇതിനിടെ സ്റ്റുഡന്റ് വിസയിൽ ഇയാൾ ഭാര്യയെയും നാട്ടിലെത്തിച്ചിരുന്നു. ഇയാളുടെ ഇടപാടുകളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വെളിപ്പെടുത്തി.

രണ്ടു പ്രാവശ്യം ഇയാളെ പിടികൂടാൻ പോലീസ് ബാംഗ്ലൂരിലെത്തിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു.