വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയിൽ ഗ്രൂപ്പ് യോഗം; മിന്നൽ പരിശോധനയുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയിൽ മിന്നൽ പരിശോധന നടത്താൻ ആളുകളെ അയച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ഗ്രൂപ്പ് യോഗം ചേരുന്നുവെന്ന വിവരത്തെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കൻോൺമെന്റ് ഹൗസിൽ ഗ്രൂപ്പ് യോഗം നടക്കുന്നെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കെപിസിസി പ്രസിഡന്റ് പരിശോധനയ്ക്കായി ആളെ ആയച്ചത്. രാത്രി പത്ത് മണിയോടെയാണ് കെപിസിസി സംഘം കന്റോൺമെന്റിൽ എത്തിയത്. അപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സാന്നിധ്യത്തിൽ പത്തിലേറെ പ്രമുഖ നേതാക്കൾ അവിടെ ഉണ്ടായിരുന്നു. എന്നാൽ നടന്നത് ഗ്രൂപ്പ് യോഗമല്ലെന്നും വെറുതെ ഒന്ന് ഇരുന്നതാണെന്നും നേതാക്കൾ വിശദീകരിച്ചു. അതേസമയം ഗ്രൂപ്പ് യോഗത്തിനെതിരെ ഹൈക്കമാൻഡിന് പരാതി നൽകാനാണ് കെപിസിസി നേതൃത്വത്തിന്റെ തീരുമാനം.

സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ, കെപിസിസി പ്രസിഡന്റിന്റെ സെക്രട്ടറി വിപിൻമോഹൻ എന്നിവരുൾപ്പെട്ട സംഘത്തെയാണ് പരിശോധനയ്ക്കായി കെ സുധാകരൻ അയച്ചത്. കന്റോൺമെന്റ് ഹൗസിനുള്ളിൽ ഉണ്ടായിരുന്ന നേതാക്കളിൽ മിക്കവരും ഇവർ എത്തിയതോടെ പല വാതിലുകൾ വഴി പുറത്തിറങ്ങി. ചിലർ മുൻവാതിലിലൂടെയാണ് പുറത്തിറങ്ങിയത്.

ഡിസിസി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിൻകര സനൽ, വർക്കല കഹാർ, എം.എം.വാഹിദ്, വി.എസ്.ശിവകുമാർ, കെ.എസ്.ശബരീനാഥ് തുടങ്ങിയ തിരുവനന്തപുരം ജില്ലയിലെ നേതാക്കളും കെപിസിസി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ, യൂജിൻ തോമസ് തുടങ്ങിയവരുമാണ് കന്റോൺമെന്റ് ഹൗസിൽ ഉണ്ടായിരുന്നത്.