തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. കൊച്ചി സ്വദേശിയായ മത്സ്യത്തൊഴിലാളി സജീവന്‍ ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ തീര്‍പ്പാക്കിക്കിട്ടാത്തതിനാല്‍ ഇതിനിടക്ക് ജീവനൊടുക്കിയ സംഭവം കേരളത്തില്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം.
ആയിരത്തോളം താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചാകും നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുക. അപേക്ഷകളും ഭൂമിയും പരിശോധിക്കുന്നതിനായി 31.61 കോടി രൂപ ചിലവില്‍ വാഹനങ്ങളും ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. ജനുവരി 31 വരെ ലഭിച്ച അപേക്ഷകളാണ് ആറ് മാസം കൊണ്ട് തീര്‍പ്പാക്കുക. ആഴ്ചയിലൊരിക്കല്‍ കലക്ടറും മാസത്തിലൊരിക്കല്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറും നടപടി പുരോഗതികള്‍ വിലയിരുത്തും.
25 സെന്റ് വരെയുള്ള ഭൂമിക്ക് ഹൈക്കോടതി നിര്‍ദ്ദേശത്താല്‍ സൗജന്യ തരംമാറ്റം അനുവദിക്കാന്‍ 2021 ഫെബ്രുവരി 25ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതോടെയാണ് അപേക്ഷകള്‍ വര്‍ധിച്ചത്. ഇതുവരെ ലഭിച്ച 1,55,852 അപേക്ഷകളില്‍ 40,754 എണ്ണം കഴിഞ്ഞ 9 മാസത്തിനിടെ തീര്‍പ്പാക്കിയിരുന്നു.

