നടി കെപിഎസി ലളിത അന്തരിച്ചു

കൊച്ചി: നടി കെ.പി.എ.സി ലളിത അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ മകന്റെ വീട്ടിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു കെപിഎസി ലളിത. വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിക്കുക.

ബുധനാഴ്ച്ച രാവിലെ 8 മുതൽ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ കെപിഎസി ലളിതയുടെ ഭൗതികദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശ്ശൂരിലും സംഗീതനാടക അക്കാദമി ഹാളിലും മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും.

കെപിഎസി ലളിതയ്ക്ക് രണ്ടു തവണ സഹനടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. നാലു തവണ കെപിഎസി ലളിത സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. അഞ്ഞൂറിലധികം സിനിമയിൽ കെപിഎസി ലളിത അഭിനയിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമി ചെയർപേഴ്സൺ കൂടിയായിരുന്നു കെപിഎസി ലളിത.

തോപ്പിൽഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോൾ അതിലൂടെയായിരുന്നു ലളിത സിനിമയിൽ ആദ്യമായി അഭിനയിച്ചത്. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകൻ, വാഴ്‌വേ മായം, ത്രിവേണി, അനുഭവങ്ങൾ പാളിച്ചകൾ, ഒരു സുന്ദരിയുടെ കഥ, സ്വയംവരം, മണിച്ചിത്രത്താഴ്, വെങ്കലം, മാടമ്പി, അരവിന്ദന്റെ അതിഥികൾ തുടങ്ങി നിരവധി സിനിമകളിൽ കെപിഎസി ലളിത വേഷമിട്ടു.

കായംകുളം രാമപുരത്ത് കടയ്ക്കൽ തറയിൽ അനന്തൻനായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947 മാർച്ച് പത്തിനാണ് കെപിഎസി ലളിതയുടെ ജനനം. മഹേശ്വരിയെന്നായിരുന്നു കെപിഎസി ലളിതയുടെ യഥാർത്ഥ പേര്.