കെ-റെയിലിന് ബദലില്ല; പദ്ധതി സംസ്ഥാനത്തെ വിഭജിക്കുമെന്നത് അടിസ്ഥാനരഹിതം: മുഖ്യമന്ത്രി

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്നത് അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ-റെയിലിന് മറ്റൊരു ബദലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതിയെ കൂടി കണക്കിലെടുത്താകും പദ്ധതിയുടെ നിര്‍മ്മാണം. പ്രകൃതി ചൂഷണം പരമാവധി കുറച്ചാണ് പാത നിര്‍മ്മിക്കുക. പ്രകൃതി ദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നത് ശരിയല്ല. പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ പഠനം നടക്കുകയാണ്. പദ്ധതി പരിസ്ഥിതി സൗഹൃദമായി നടപ്പാക്കാന്‍ സാധിക്കും- മുഖ്യമന്ത്രി വിശദീകരിച്ചു. കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് കെ-റെയിലെന്നും സര്‍ക്കാര്‍ ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പദ്ധതിക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സര്‍വെ കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥരെ പലയിടത്തും തടയുകയാണ്. ഇത്തരം പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് തടയാനുള്ള നീക്കത്തിലേക്കാണ് കെ റെയില്‍ നീങ്ങുന്നത്. ഇനി മുതല്‍ കല്ലിടാനെത്തുന്നതിന് മുന്‍പ് കെ റെയിലിന്റെ ഉദ്യോഗസ്ഥന്‍ അതാത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്‍കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി പോലീസെത്തും.

മാര്‍ച്ച് 31 നുള്ളില്‍ കല്ലിടല്‍ തീര്‍ക്കാനാണ് കെ റെയില്‍ ശ്രമം. പ്രതിഷേധ സമരം ചെയ്യുന്നവര്‍ക്കെതിരെ പോലീസ് കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കും. എന്നാല്‍, പ്രതിഷേധം ശക്തമാക്കുമെന്നാണ് സമരസമിതിയുടെ നിലപാട്.