കേസില്‍ കക്ഷി ചേര്‍ക്കണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേര്‍ക്കണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ദിലീപിന്റെ ഹര്‍ജി തള്ളണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. തുടരന്വേഷണം ചോദ്യം ചെയ്യാന്‍ പ്രതിക്ക് കഴിയില്ല. തന്നെ കേള്‍ക്കാതെ തീരുമാനമെടുക്കുന്നത് തനിക്ക് നീതി ലഭിക്കുന്നതില്‍ പരിഹരിക്കാന്‍ കഴിയാത്ത വലിയ നഷ്ടമുണ്ടാക്കുമെന്നും നടി വ്യക്തമാക്കി. ‘കേസിലെ പരാതിക്കാരിയാണ് ഞാന്‍. നിയമപരമായി പ്രതിക്ക് തുടരന്വേഷണത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ല. പല കേസുകളിലും സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാല്‍ നിയമപരമായി ദിലീപിന്റെ ഹര്‍ജി നിലനില്‍ക്കില്ല.’ ഹര്‍ജിക്കെതിരെ മൂന്നാം എതിര്‍കക്ഷിയായി തന്നെ ചേര്‍ക്കണമെന്നും അതിജീവിതയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ദിലീപ് നല്‍കിയ തുടരന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് കേസില്‍ കക്ഷി ചേരാനാണ് നടി അപേക്ഷ നല്‍കിയിരുന്നത്.

എന്നാല്‍, അന്വേഷണം ഇപ്പോള്‍ തെറ്റായ രീതിയിലാണെന്ന് ദിലീപ് അറിയിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലെന്നുമാണ് ദിലീപ് നല്‍കിയ ഹര്‍ജിയിലെ പ്രധാന വാദം. പരാതിക്കാരനായി ഉദ്യോഗസ്ഥന്‍ ബൈജു പൗലോസും സംവിധായകന്‍ ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലെ പാളിച്ചകള്‍ മറച്ചുവയ്ക്കാനാണ് തുടരന്വേഷണമെന്നും ദിലീപ് ആരോപിച്ചു. ഇതിന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും, വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അതേസമയം, ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഗൂഢാലോചന കേസില്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി.എന്‍ സുരാജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായി. ദിലീപിന്റെ സഹോദരന്‍ അനൂപ് നാളെ ഹാജരാകും. ഇരുവരെയും ചോദ്യംചെയ്ത ശേഷം ദിലീപിനെയും ഈയാഴ്ച്ച ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ക്രൈംബ്രാഞ്ച് നേരിട്ട് പിടിച്ചെടുത്ത ഫോണുകളുടെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ ബി രാമന്‍പിള്ളയ്ക്കും ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.