ഭീകരരോട് ബഹുമാനം; കോണ്‍ഗ്രസിനും സമാജ് വാദി പാര്‍ട്ടിക്കുമെതിരെ പ്രധാനമന്ത്രി

ലക്നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്ന റാലിയില്‍ കോണ്‍ഗ്രസിനും സമാജ് വാദിപാര്‍ട്ടിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിനും സമാജ് വാദി പാര്‍ട്ടിക്കും ഭീകരരോട് ബഹുമാനമാണെന്നും, ഒസാമ ബിന്‍ ലാദനെപ്പോലെയുള്ള ഭീകരരരെ ഇവര്‍ ബഹുമാനത്തോടെ ‘ജി’ ചേര്‍ത്താണ് അഭിസംബോധന ചെയ്യാറെന്നും പ്രധാനമന്ത്രി ആരോപിച്ചു.

2007-ല്‍ ലക്നൗവിലും അയോദ്ധ്യയിലും കോടതി വളപ്പുകളില്‍ സ്ഫോടനം നടന്നു. ഈ അക്രമകാരികളെയെല്ലാം സമാജ്വാദി പാര്‍ട്ടി പിന്തുണക്കുകയായിരുന്നുവെന്ന് മോദി കുറ്റപ്പെടുത്തി. യു.പിയില്‍ ഭീകരാക്രമണങ്ങളില്‍ പങ്കുള്ളവരുടെ കേസുകള്‍ പിന്‍വലിക്കാനും മുമ്പ് സമാജ്വാദി പാര്‍ട്ടി ശ്രമിച്ചിരുന്നു. ബട്ല ഹൗസ് ഏറ്റുമുട്ടലില്‍ ഭീകരവാദികളെ ഇല്ലാതാക്കിയതില്‍ സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ കരയുകപോലും ചെയ്തു. 2012-ല്‍ താരിഖ് കാസ്മി എന്ന ഭീകരനെതിരായ കേസ് എസ്.പി സര്‍ക്കാര്‍ പിന്‍വലിച്ചു. എന്നാല്‍ താരിഖിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചുവെന്നും, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് അഹമ്മദാബാദ് സ്ഫോടനം നടന്നത്. ആ ദിനം ഒരിക്കലും മറക്കാനാകില്ല. കേസില്‍ വാദം കേള്‍ക്കല്‍ നടക്കുന്നതിനാല്‍ വര്‍ഷങ്ങളായി മിണ്ടാതിരിക്കുകയാണ്. അഹമ്മദാബാദ് സ്ഫോടന കേസില്‍ 38 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ ആരോപണം.