ന്യൂഡൽഹി: എം.ബി.ബി.എസ്. പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നു. അവയവ പഠനത്തിനൊപ്പം കുടുംബാധിഷ്ഠിത പ്രായോഗിക ചികിത്സാ പഠനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുന്നത്. ഓരോ എം.ബി.ബി.എസ് വിദ്യാർഥിയും പഠനകാലയളവിൽ അഞ്ചു കുടുംബങ്ങളെ ദത്തെടുക്കണമെന്നതാണ് പാഠ്യപദ്ധതിയിലെ പ്രധാനപരിഷ്‌കാരം. ‘കുടുംബ ദത്ത് പദ്ധതി’ അഥവാ ‘ഫാമിലി അഡോപ്ഷൻ പ്രോഗ്രാം’ (എഫ്.എ.പി.) എന്ന പേരിലുള്ള പാഠ്യപരിഷ്‌കരണത്തിന്റെ കരട് ദേശീയ മെഡിക്കൽ കമ്മീഷൻ തയ്യാറാക്കുകയും ചെയ്തു.
സാങ്കേതിക പരിശീലനത്തിനു പകരമാണ് എഫ്.എ.പി. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ആദ്യവർഷംതന്നെ ഒരു മെഡിക്കൽ വിദ്യാർഥി അഞ്ച് കുടുംബങ്ങളെ ദത്തെടുക്കണമെന്നും കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി പതിവായി നിരീക്ഷിച്ച് അവശ്യമായ ചികിത്സ നിർദേശിക്കണമെന്നുമാണ് പാഠ്യപരിഷ്‌ക്കരണത്തിൽ നിർദ്ദേശിച്ചിട്ടുള്ളത്. രണ്ടാഴ്ചയിലൊരിക്കൽ വീടുസന്ദർശിക്കണം. ചുരുങ്ങിയത് പത്ത് പ്രാവശ്യമെങ്കിലും കുടുംബാംഗങ്ങളെ നേരിട്ടു ചികിത്സിച്ചെന്ന് ഉറപ്പാക്കണം. തുടർന്നുള്ള മൂന്നുവർഷങ്ങളിൽ ഗൃഹസന്ദർശത്തിനുപുറമേ, ഫോണിലൂടെയും ചികിത്സ നിർദേശിക്കാമെന്നും ഈ കാലയളവിൽ മൂന്നുമാസത്തിലൊരിക്കൽ വീട്ടിലെത്തിയാൽ മതിയാകുമെന്നും നിർദ്ദേശമുണ്ട്.
അസിസ്റ്റന്റ് പ്രൊഫസറിൽ നിന്നും ചികിത്സയ്ക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ തേടാം. 25 പേർക്ക് ഒരു അസിസ്റ്റന്റ് പ്രൊഫസർ എന്നതാണ് കണക്ക്. മെഡിക്കൽ വിദ്യാർഥിക്ക് സഹായിയായി ആശാ വർക്കറുമുണ്ടാകും. ചികിത്സാ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിച്ച് വിവരശേഖരം തയ്യാറാക്കണമെന്നും പാഠ്യപദ്ധതിയിൽ നിർദ്ദേശിക്കുന്നു. കൃത്യമായ മൂല്യനിർണയവും നടത്തും. കമ്യൂണിറ്റി മെഡിസിൻ വകുപ്പിനു കീഴിൽ പദ്ധതി ഉൾപ്പെടുത്താം. കമ്യൂണിറ്റി മെഡിസിനിൽ ഫീൽഡ് വിസിറ്റിങ്ങിലൂടെ വിദ്യാർഥികൾ ചെയ്തിരുന്ന കാര്യങ്ങൾ ഒരു ചട്ടക്കൂടിൽ അവതരിപ്പിരിക്കുകയാണ് പുതിയ പാഠ്യപദ്ധതിയിലൂടെ.
ജീവിതശൈലീ രോഗങ്ങളിൽ നിന്നും ആളുകളെ മുക്തരാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുടുംബാംഗങ്ങൾക്ക് നേരിട്ട് ചികിത്സ ലഭിക്കുന്നതിനൊപ്പം ഗ്രാമപ്രദേശങ്ങളിൽ മെച്ചപ്പെട്ട ആരോഗ്യസേവനം ഉറപ്പാക്കാനും കഴിയും. മെഡിക്കൽ വിദ്യാർഥികളെ കൂടുതൽ സഹാനുഭൂതിയോടെയും ആത്മവിശ്വാസത്തോടെയും ‘സമ്പൂർണ ഡോക്ടർ’ ആയി വളർത്തിയെടുക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

