ന്യൂഡൽഹി: പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു മരിച്ചു. വാഹനാപകടത്തിലാണ് അദ്ദേഹം മരിച്ചത്. ഹരിയാനയിൽവെച്ചാണ് വാഹനാപകടം ഉണ്ടായത്. കർഷക സമരവുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിൽ ഉണ്ടായ അക്രമസംഭവങ്ങളിലെ കേസിൽ പ്രതിയായിരുന്നു ദീപ് സിദ്ദു. ഡൽഹിയിൽ നിന്നു പഞ്ചാബിലെ ഭട്ടിൻഡയിലേക്കു കാറിൽ പോകവേ ട്രെയിലർ ഇടിച്ചാണ് അപകടം ഉണ്ടായത്. ചെങ്കോട്ടയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ സിദ്ദുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
1984 ൽ പഞ്ചാബിലെ മുക്‌സർ ജില്ലയിലാണ് ദീപ് സിദ്ദുവിന്റെ ജനനം. 2015 ലാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ പുറത്തിറങ്ങുന്നത്. റമ്ത ജോഗി എന്ന പഞ്ചാബി ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള സിദ്ദുവിന്റെ അരങ്ങേറ്റം. 2018ലെ ജോറ ദാസ് നുബ്രിയ എന്ന ചിത്രത്തിലെ ഗുണ്ടാ നേതാവിന്റെ വേഷത്തിലൂടെ അദ്ദേഹം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ജോ ദ് സെക്കൻഡ് ചാപ്റ്ററിലാണ് അദ്ദേഹം അവസാനമായി വേഷമിട്ടത്. നിയമ ബിരുദദാരിയായ സിദ്ദു മോഡലിംഗ് രംഗത്തും സജീവമായിരുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്താൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷങ്ങൾക്ക് പിന്നിൽ ദീപ് സിദ്ദുവാണെന്ന് കർഷക നേതാക്കൾ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. സിദ്ദുവിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം കർഷക നേതാക്കളുടെ ആരോപണം. പഞ്ചാബ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സിദ്ദു വാഹനാപകടത്തിൽ മരിച്ചത്. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സിദ്ദു ആശുപത്രിയിലേക്കുള്ള മാർഗമധ്യേയാണു മരിച്ചതെന്നാണ് റിപ്പോർട്ട്.

