തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വയനാട് തുരങ്കപാതയ്ക്ക് (ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി ടണൽ റോഡ്) 2134.50 കോടി രൂപയുടെ കിഫ്ബി ധനാനുമതി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം ചേർന്ന കിഫ്ബി ഫുൾ ബോഡി യോഗമാണ് തുരങ്കപാതയ്ക്ക് ധനാനുമതി നൽകിയത്. കിഫ്ബി പൊതുമരാമത്ത് പ്രവൃത്തികൾക്ക് മാത്രമായി 4597 കോടി രൂപയുടെ അനുമതി നൽകിയിട്ടുണ്ട്. നേരത്തേ തുരങ്കപാതക്ക് 658 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. പിന്നീട് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ തയ്യാറാക്കിയ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോർട്ട് പ്രകാരമാണ് 2134 കോടി രൂപയുടെ ചെലവ് വരുമെന്ന് കണ്ടത്. ഫോറസ്റ്റ് ക്ലിയറൻസ്, സർക്കാർ ഭരണാനുമതി എന്നിവ ലഭിച്ചാൽ നിർമ്മാണ നടപടികളിലേക്ക് കടക്കാനാവും. വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരമില്ലാത്ത പാതയാണ് വയനാട് തുരങ്കപാത. പാത യാഥാർഥ്യമാകുന്നതോടെ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
കള്ളാടിയിൽ നിന്ന് ആനക്കാംപൊയിൽ മറിപ്പുഴ സ്വർഗംകുന്നിലേക്കാണ് തുരങ്കം നിർമ്മിക്കുന്നത്. ആകെ 7.82 കിലോമീറ്ററാണ് നീളം. സ്വർഗംകുന്നിൽനിന്ന് കള്ളാടിവരെയുള്ള തുരങ്കത്തിന് 6.8 കിലോമീറ്റർ നീളമുണ്ടാകും. പദ്ധതി നടപ്പായാൽ സംസ്ഥാനത്തെ ഏറ്റവും നീളമേറിയ തുരങ്കപാതയായി ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി ടണൽ റോഡ് മാറും. നിർമാണം ആരംഭിച്ച് മൂന്നുവർഷത്തിനകം തുരങ്കപാത പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

