സോളാര്‍ കേസ്: കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ

തിരുവനന്തപുരം: സോളാര്‍ ലൈംഗിക പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, എംപിമാരായ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍ എംഎല്‍എ, ഉമ്മന്‍ചാണ്ടിയുടെ സന്തത സഹചാരി തോമസ് കുരുവിള, ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി എന്നിവരെ സിബിഐ ചോദ്യം ചെയ്യും.

പരാതിക്കാരിയുടെ മൊഴി പൂര്‍ത്തിയാക്കുന്നതിന് അടുത്തു തന്നെ വീണ്ടും വിളിപ്പിക്കുകയും ചെയ്യും. അതിന് ശേഷമാകും നേതാക്കളെ ചോദ്യം ചെയ്യല്‍ ആരംഭിക്കുക. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എല്ലാവര്‍ക്കും നേരത്തെ തന്നെ നോട്ടീസ് അയക്കും. സാക്ഷികളുടെ പ്രാഥമിക ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. സാക്ഷി മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ തിരുവനന്തപുരം യൂണിറ്റിലാകും ചോദ്യം ചെയ്യല്‍.

ലൈംഗിക പീഡനം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ആറ് എഫ്‌ഐആറുകളാണുള്ളത്. ലൈംഗികാതിക്രമം, വഞ്ചന, കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകല്‍ എന്നിവയാണ് ഉമ്മന്‍ചാണ്ടിക്കും തോമസ് കുരുവിളയ്ക്കുമെതിരെയുള്ള കുറ്റം. മറ്റുള്ളവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും അടൂര്‍ പ്രകാശ് ഒഴികെയുള്ളവരുടെയെല്ലാം പേരില്‍ ലൈംഗിക പീഡനത്തിനും കുറ്റം ചുമത്തി. ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി പിറകെ നടന്ന് ശല്യം ചെയ്തതിന് അടൂര്‍ പ്രകാശിനും അബ്ദുള്ളക്കുട്ടിക്കുമെതിരെ കേസുണ്ട്. വധഭീഷണി മുഴക്കിയതിനും അബ്ദുള്ളക്കുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ട്. 2021 ജനുവരിയിലാണ് സോളാര്‍ കേസ് ക്രൈംബ്രാഞ്ചില്‍ നിന്ന് സിബിഐ ഏറ്റെടുക്കുന്നത്.